Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസിയും സോഫയും തിരിച്ചെടുത്തു; വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ അപമാനിച്ചെന്നു പരാതി

Yogi Adityanath പാക്ക് പട്ടാളം കഴുത്തറുത്തു കൊന്ന അതിർത്തിരക്ഷാ സേനയിലെ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെ ദിയോറിയയിലുള്ള വീട്ടിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധുക്കൾക്ക് സഹായം കൈമാറുന്നു. 2. മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് അധികാരികൾ താത്കാലികമായി സ്ഥാപിച്ച എസി

ലക്നൗ ∙ കശ്മീരിൽ പാക്ക് പട്ടാളം ഇന്ത്യൻ സൈനികനെ പിടികൂടി കഴുത്തറുത്തു കൊന്നു വലിച്ചെറിഞ്ഞ സംഭവത്തിന്റെ നടുക്കം മാറുംമുൻപേ, ആ സൈനികന്റെ വീട്ടുകാരെ സംസ്ഥാന സർക്കാർ അപമാനിച്ചെന്നു പരാതി. വീട്ടിലേക്കു നൽകിയതെന്നു കരുതിയ എയർ കണ്ടിഷണറും സോഫയും പരവതാനിയും തിരിച്ചെടുത്തായിരുന്നു അപമാനിക്കലെന്നു ബന്ധുക്കൾ പറഞ്ഞു. അതിർത്തിരക്ഷാ സേനയിലെ പ്രേം സാഗർ എന്ന ഹെഡ് കോൺസ്റ്റബിളാണ് ഈ മാസം ആദ്യം കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്തു പട്രോളിങ് ഡ്യൂട്ടിക്കിടെ മറ്റൊരു സൈനികനൊപ്പം കൊല്ലപ്പെട്ടത്.

പ്രേംസാഗറിന്റെ ദിയോറിയയിലുള്ള വീട്ടിൽ കഴിഞ്ഞ ദിവസം ജില്ലാ ഭരണാധികാരികൾ നേരിട്ടെത്തി എയർ കണ്ടിഷണർ സ്ഥാപിച്ചിരുന്നു. സ്വീകരണമുറിയിലേക്കു സോഫയും പരവതാനിയും നൽകുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രേംസാഗറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു പോയി അര മണിക്കൂറിനകം എസിയും സോഫയും പരവതാനിയും ജില്ലാ ഭരണാധികാരികൾ തിരിച്ചെടുക്കുകയായിരുന്നു. പ്രേംസാഗറിന്റെ കുടുംബത്തിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ നാലുലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ രണ്ടുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തുകയും ചെയ്തു. സംസ്ഥാന കൃഷിമന്ത്രി കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു.