Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 മേഖലകളിൽ ഇന്ത്യ–ജർമനി സഹകരണത്തിനു ധാരണ; മോദി ഇന്നു സ്പെയിനിൽ

PTI5_30_2017_000199B ജർമൻ ചാൻസലർ അംഗല മെർക്കെലുമൊത്ത് സംയുക്ത വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദി.

ബെർലിൻ ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ അംഗല മെർക്കലും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ 12 മേഖലകളിൽ സഹകരണത്തിനു ധാരണയായി. നൈപുണ്യ വികസനം, ഡിജിറ്റൈസേഷൻ, റയിൽവേ സുരക്ഷ, സുസ്ഥിര നഗരവികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.

ചർച്ചകൾ‌ക്കുശേഷം ഇരുനേതാക്കളും ചേർന്നു നടത്തിയ സംയുക്ത പ്രസ്താവനയിൽ ഭീകരപ്രവർത്തനങ്ങളെ അപലപിക്കുകയും ഭീകരതയെ പിന്തുണയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. യുഎൻ രക്ഷാസമിതി പരിഷ്കരണം, ആണവദാതാക്കളുടെ സംഘടനയിൽ അംഗത്വം എന്നിവയിൽ ഇന്ത്യയുടെ നിലപാടിനെ ജർമനി പിന്തുണച്ചു.

മോദിയോടൊപ്പം ശാസ്ത്ര–സാങ്കേതിക മന്ത്രി ഹർഷ് വർധൻ, വാണിജ്യമന്ത്രി നിർമല സീതാരാമൻ, ഊർജമന്ത്രി പീയൂഷ് ഗോയൽ, വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബർ എന്നിവരും ഉണ്ടായിരുന്നു. ഇന്ത്യ–ജർമനി ബിസിനസ് ഉച്ചകോടിയിലും ഇവർ പങ്കെടുത്തു.

ജർമൻ പര്യടനം അവസാനിപ്പിച്ചു സ്പെയിനിലേക്കു പുറപ്പെടുന്നതിനു മുൻപ് പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമീറിനെ മോദി സന്ദർശിച്ചു. സ്പെയിനിൽ 1988നു ശേഷം ആദ്യമായെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി. ജൂൺ ഒന്നിനു റഷ്യയും രണ്ട്, മൂന്ന് തീയതികളിൽ ഫ്രാൻസും അദ്ദേഹം സന്ദർശിക്കും.