Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈദ്യനാഥ് ക്ഷേത്രത്തിൽ ഇനി വിഐപി ദർശനമില്ല

റാഞ്ചി∙ വിഐപി സംസ്കാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജാർഖണ്ഡിലെ പ്രശസ്തമായ ബൈദ്യനാഥ് ക്ഷേത്രത്തിൽ വിഐപി ദർശനം അവസാനിപ്പിച്ചു. വിഐപി സംസ്കാരം ഒഴിവാക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം ഉൾക്കൊണ്ടാണ് ഉത്തരേന്ത്യയിലെ പ്രശസ്തമായ ശിവക്ഷേത്രത്തിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

ശ്രാവൺ മാസത്തിൽ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി ദിനം പ്രതി ലക്ഷക്കണക്കിനു ഭക്തർ ദിയോഹർ ജില്ലയിലെ ബൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനത്തിന് എത്താറുണ്ട്. വിഐപി ദർശനം പൂർണമായും ഒഴിവാക്കിയെന്നും ഭക്തർക്ക് പ്രത്യേക പരിഗണന ഇനിയുണ്ടാവില്ലെന്നും ഇതിനായി ശുപാർശ ചെയ്യരുതെന്നും കാട്ടി സർക്കാർ എല്ലാം സംസ്ഥാനങ്ങൾക്കും കത്തയച്ചു.

ശ്രാവൺ മാസത്തിൽ പതിനഞ്ചും ഇരുപതും മണിക്കൂർ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. ക്യൂ നിൽക്കാൻ കഴിയാത്തവർക്ക് 500 രൂപ നിരക്കിൽ മിന്നൽ ദർശനം നടത്താമെന്നും ഇതിനു പ്രത്യേക പരിഗണന ഒന്നും ഉണ്ടാവില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. ശ്രാവണ മാസത്തിൽ തീർഥാടകർക്കായി സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുകയെന്നതു ജില്ലാഭരണകൂടത്തിന് വൻ തലവേദനയാണ്.