Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻ പക്ഷത്തേക്ക് എംഎൽഎമാരുടെ ‘ഒഴുക്ക്’; എടപ്പാടി സമ്മർദത്തിൽ

LP-PALANISWAMI-DINAKARAN

ചെന്നൈ∙ അണ്ണാ ഡിഎംകെ (്അമ്മ) മന്ത്രിമാർ യോഗം ചേർന്നു തള്ളിപ്പറഞ്ഞതിനു പിന്നാലെ 24 പാർട്ടി എംഎൽഎമാരെ സ്വന്തം പക്ഷത്ത് അണിനിരത്തി ടി.ടി.വി.ദിനകരന്റെ ശക്തിപ്രകടനം. ഇതോടെ, തമിഴ്നാട്ടിൽ എടപ്പാടി പളനിസാമി സർക്കാർ ഫലത്തിൽ ‘ന്യൂനപക്ഷമായി’. സർക്കാരിനെ അട്ടിമറിക്കുമെന്ന സൂചനയൊന്നും ദിനകരൻ നൽകുന്നില്ലെങ്കിലും ശശികല കുടുംബത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ മന്ത്രി ഡി.ജയകുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നറിയിച്ചു സമ്മർദം ശക്തമാക്കി. 

മുന്നറിയിപ്പു തള്ളിയ ജയകുമാർ, ആരൊക്കെ എതിർത്താലും സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുമെന്നു പ്രതികരിച്ചു. അതേസമയം, മണ്ഡലങ്ങളിലേക്കു വൻ വികസന പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്തു എംഎൽഎമാരെ സ്വന്തം പക്ഷത്തു ഉറപ്പിച്ചു നിർത്താൻ മുഖ്യമന്ത്രി എടപ്പാടിയും ശ്രമം തുടങ്ങി. ഇതോടെ, അണ്ണാഡിഎംകെ  ഫലത്തിൽ മൂന്നായി പിളർന്നു; എടപ്പാടി പക്ഷം, പനീർസെൽവം നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെ (പുരട്ചിതലൈവി അമ്മ), ദിനകരൻ പക്ഷം.  14ന് തുടങ്ങുന്ന നിയമസഭാ സ്മ്മേളനം ഇതോടെ നാടകീയമാകുമെന്നുറപ്പായി. 

സംസ്ഥാന മന്ത്രിമാർ കഴിഞ്ഞ ദിവസം മാരത്തൺ യോഗം ചേർന്നു മുഖ്യമന്ത്രിയുടെ കൂടി ആശീർവാദത്തോടെ ശശികലയെയും ദിനകരനെയും തള്ളിപ്പറഞ്ഞിരുന്നു. ദിനകരനെ സന്ദർശിക്കരുതെന്ന് എംഎൽഎമാർക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇത് അവഗണിച്ചാണ് 24 പേർ ദിനകരനുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം ബെംഗളുരുവിൽ ശശികലയെസന്ദർശിക്കാനെത്തുമ്പോൾ 10 എംഎൽഎമാരായിരുന്നു ദിനകരനൊപ്പം.  ഇന്നലെ മാത്രം 14 പേർ കൂടി മറുകണ്ടം ചാടിയതു എടപ്പാടി വിഭാഗത്തെ ഞെട്ടിച്ചു. 

മുൻ മന്ത്രിമാരായ സെന്തിൽ ബാലാജി, തൊപ്പു വെങ്കടാചലം, പളനിയപ്പൻ എന്നിവരാണു ദിനകരൻ പക്ഷത്തെ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഡി.ജയകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ദികനരപക്ഷത്തുള്ള വെട്രിവേൽ എംഎൽഎ മുഖ്യമന്ത്രിയെ കാണുകയും ചെയ്തു.