Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിച്ചെറിഞ്ഞ കുഞ്ഞുജീവൻ വാരിയെടുത്ത് ആ അമ്മ; പക്ഷേ...

Representative Image Representative Image

ന്യൂഡൽഹി ∙ കടുത്ത വേദന പടരുമ്പോഴും കുഞ്ഞിനെ അവർ നെഞ്ചോടു ചേർത്തുപിടിച്ചു. നിറകണ്ണുകളുമായി ആ രാത്രി മുഴുവൻ അവർ അലഞ്ഞത് ഒരദ്ഭുതത്തിനു വേണ്ടിയാണ്, തന്റെ മകളുടെ ജീവനു വേണ്ടി. മേയ് 29നു രാത്രി ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിലും ഡൽഹി മെട്രോയിലും യാത്രചെയ്ത പലരും ഈ അമ്മയെയും കുഞ്ഞിനെയും കണ്ടിട്ടുണ്ടാകും. പക്ഷേ, അവരുടെ ഉള്ളിലൊരു തീയുണ്ടെന്ന് ആരും അറിഞ്ഞില്ല.

ഗുരുഗ്രാമിൽ കൂട്ടമാനംഭത്തിനിരയായ യുവതിയുടെ അനുഭവം രാജ്യത്തിന്റെ മുഴുവൻ വേദനയാകുന്നു. ഭർത്താവും അയൽവാസികളുമായുണ്ടായ വഴക്കിനെ തുടർന്നു ഖൻസ ഗ്രാമത്തിലെ മാതാപിതാക്കളുടെ അടുത്തേക്കു കൈക്കുഞ്ഞുമായി പോകുകയായിരുന്നു 23കാരിയായ യുവതി.

ആദ്യം വാഹനമായി ലഭിച്ചതു ഒരു ട്രക്ക്. എന്നാൽ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതിനാലും ശല്യപ്പെടുത്താൻ തുടങ്ങിയതിനാലും യാത്ര പാതിയിൽ അവസാനിപ്പിച്ചു. ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിൽ കാത്തുനിൽക്കേയാണു ഷെയർ ഓട്ടോ ലഭിച്ചത്. ഡ്രൈവറെക്കൂടാതെ മറ്റു രണ്ടു യാത്രക്കാരും ഇതിലുണ്ടായിരുന്നു. ഓട്ടോഡ്രൈവർ ഉൾപ്പെടെയുള്ളവർ ശല്യപ്പെടുത്തിയതു യുവതി എതിർത്തു.

ഇതിനിടെ കുഞ്ഞു കരഞ്ഞതോടെ കയ്യിൽ നിന്നു പിടിച്ചെടുത്തു വലിച്ചെറിഞ്ഞു. തുടർന്നാണു യുവതിയെ കൂട്ടമാനംഭംഗത്തിന് ഇരയാക്കിയത്. ഖേലി ദുല്ല ടോൾ പ്ലാസയ്ക്കു സമീപത്തായിരുന്നു സംഭവം. തുടർന്നു യുവതിയെ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞു. രാത്രി രണ്ടുമണിയോടെ കുഞ്ഞുമായി ആശുപത്രിയിലെത്തിയ അമ്മയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു. പൊന്നോമനയുടെ ജീവൻ പറന്നകന്നെന്നു ഡോക്ടർ പറഞ്ഞിട്ടും വിശ്വസിക്കാൻ അവൾ തയാറായില്ല.

ഓൾഡ് ഗുരുഗ്രാമിലെ ഭർത്തൃമാതാപിതാക്കളുടെ വീട്ടിലെത്തി ഭർത്തൃപിതാവിനെയും കൂട്ടി ഡൽഹി മെട്രോയിൽ കയറി തുഗ്ലക്കാബാദിലേക്ക്. അവിടെ ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ചപ്പോഴും കുഞ്ഞു മരിച്ചെന്നായിരുന്നു മറുപടി. തുടർന്നാണു ഗുരുഗ്രാമിൽ മടങ്ങിയെത്തി യുവതി പരാതി നൽകിയത്.

30നു പരാതി നൽകിയിരുന്നെങ്കിലും വൈദ്യപരിശോധനയ്ക്കു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു പീഡനശ്രമത്തിനും കൊലപാതകത്തിനുമാണു കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ കൂട്ടമാനഭംഗം നടന്നെന്നു കാട്ടി യുവതി കഴിഞ്ഞദിവസം വീണ്ടും പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

രണ്ടുപേർ അറസ്റ്റിൽ; വനിതാ എസ്ഐയ്ക്കു സസ്പെൻഷൻ

ന്യൂഡൽഹി ∙ ഒൻപതു മാസമായ പെൺകുഞ്ഞിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം യുവതിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ത്ഷെഹർ സ്വദേശികളായ യോഗേന്ദ്ര, അമിത് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമൻ ജയ്കേഷിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഗുരുഗ്രാം പൊലീസ് കമ്മിഷണർ സന്ദീപ് ഖർവാർ വ്യക്തമാക്കി.

പ്രതികളുടെ രേഖാചിത്രം ഇന്നലെ രാവിലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു ഗുരുഗ്രാമിലെ ഒളിത്താവളത്തിൽ നിന്നു യോഗേന്ദ്രയെ പിടികൂടിയത്. രാത്രി അമിത്തും പിടിയിലായി. ഇതിനിടെ കേസിൽ അന്വേഷണം വൈകിപ്പിച്ചതുമായി ബന്ധപ്പെട്ടു മനേസർ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

related stories