Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലേക്കു തന്നെ മടങ്ങാൻ ചിരഞ്ജീവിക്കു കൊതി; രാഷ്ട്രീയം മതിയാക്കുമോ?

chiranjeevi

ഹൈദരാബാദ്∙ കോൺഗ്രസ് രാജ്യസഭാംഗമായ സൂപ്പർതാരം ചിരഞ്ജീവി (61) രാഷ്ട്രീയം മതിയാക്കുന്നുവെന്നു സൂചന. സിനിമാരംഗത്തേക്കു തന്നെ തിരിച്ചുപോകാനാണത്രേ മുൻ കേന്ദ്രമന്ത്രിയുടെ പദ്ധതി.

ഒരു വർഷമായി കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന ചിരഞ്ജീവി കഴിഞ്ഞ ഞായറാഴ്ച ആന്ധ്രയിലെ ഗുണ്ടൂരിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിച്ച പൊതുയോഗത്തിലും പങ്കെടുത്തില്ല. ഇതോടെയാണു തെലുങ്കു സൂപ്പർതാരം രാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹം ശക്തമായത്.

നേരത്തേ ആന്ധ്രാ കോൺഗ്രസ് നേതാക്കൾ ഡൽഹിക്കു പോയപ്പോഴും ചിരഞ്ജീവി അക്കൂട്ടത്തിലുണ്ടായിരുന്നില്ല. മൂന്നു ദശകത്തോളം തെലുങ്കു സിനിമയിൽ നിറഞ്ഞുനിന്ന ചിരഞ്ജീവി 2008ൽ സ്വന്തം പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിലിറങ്ങിയതു മുഖ്യമന്ത്രിസ്ഥാനം സ്വപ്നംകണ്ടാണ്.

2009ലെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകാതെ പോയതോടെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു. തുടർന്നു രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയുമായി. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ സീമാന്ധ്ര മേഖലയിൽ കോൺഗ്രസ് നിലംതൊടാതെ പോയതു താരത്തിനു ക്ഷീണമായി.