Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടപ്പാടി സർക്കാരിനെ വീഴ്ത്താതെ വരുതിയിലാക്കാന്‍ ദിനകരന്‍

aiadmk politics മന്ത്രിസഭായോഗത്തിനു ശേഷം പുറത്തെത്തിയ മന്ത്രിമാരായ ഡി. ജയകുമാറും പി. ബഞ്ചമിനും സംഭാഷണത്തിൽ. ഡി. ജയകുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നു ദിനകരന്‍ വിഭാഗത്തിലെ തങ്ക തമിഴ്സെൽവൻ എംഎൽഎ പറഞ്ഞിരുന്നു. ചിത്രം–മനോരമ

ചെന്നൈ∙ തമിഴ്നാട്ടിലെ എടപ്പാടി പളനിസാമി സർക്കാരിനെ അട്ടിമറിക്കില്ലെന്നു ടി.ടി.വി.ദിനകരൻ പക്ഷം വ്യക്തമാക്കിയതോടെ അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നേരിയ അയവ്. എന്നാൽ, തന്റെ വിശ്വസ്തരെ മന്ത്രിസഭയിലുൾപ്പെടുത്താനും പാർട്ടിയിൽ അധികാരം പിടിക്കാനും എംഎൽഎമാരെ മുന്നിൽ നിർത്തി ദിനകരൻ കരുനീക്കം തുടരുന്നു. അറുപതിലധികം എംഎൽഎമാർ ഒപ്പമുണ്ടെന്നും പാർട്ടിയിൽ അദ്ദേഹത്തിനു പൂർണമായി ആധിപത്യമുണ്ടെന്നും അണ്ണാ ഡിഎംകെ വക്താവ് നാഞ്ചിൽ സമ്പത്ത് അവകാശപ്പെട്ടു. പുതുച്ചേരിയിലെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാരും ദിനകരനു പൂർണപിന്തുണ പ്രഖ്യാപിച്ചു.

ഇതിനിടെ വിദേശ നാണ്യ വിനിമയ ചട്ട (ഫെറ) ലംഘനക്കേസിൽ ദിനകരനെതിരെ കോടതി കുറ്റം ചുമത്തി. അഭിഭാഷകർക്കും തന്നെ പിന്തുണയ്ക്കുന്ന നേതാക്കൾക്കുമൊപ്പമാണു ദിനകരൻ കോടതിയിലെത്തിയത്. വിചാരണ 22ന് ആരംഭിക്കും. എടപ്പാടി– പനീർസെൽവം പക്ഷങ്ങൾ ലയനചർച്ച പുനരാരംഭിച്ച പശ്ചാത്തലത്തിലാണു ദിനകരൻ കടുത്ത നിലപാടു മയപ്പെടുത്തിയത്. അതിനിടെ, ഇന്നലെ മൂന്നിനു മന്ത്രിസഭാ യോഗം വിളിച്ചതു മന്ത്രിസഭാ പുനഃസംഘടന ഉടനെയുണ്ടാകുമെന്ന അഭ്യൂഹത്തിനു കാരണമായി.

എംഎൽഎമാർ ദിനകരനെ സന്ദർശിക്കുന്നതിൽ തെറ്റില്ലെന്ന് എടപ്പാടി പക്ഷത്തെ പ്രമുഖനായ മന്ത്രി സി.വി.ഷൺമുഖം പറഞ്ഞതും ശ്രദ്ധേയമായി. മന്ത്രി രാജേന്ദ്ര ബാലാജി നേരത്തേ ഇതേ നിലപാടു സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ദിനകരനെ പൂർണമായി അകറ്റിനിർത്തുന്ന നിലപാടായിരുന്നു എടപ്പാടി പക്ഷത്തിന്റേത്.

ദിനകരനും ശശികലയ്ക്കുമെതിരെ പരസ്യ നിലപാടെടുത്ത മന്ത്രിമാരെ നിയമസഭയിൽ ഒറ്റപ്പെടുത്തി ആക്രമിക്കാനും ദിനകരൻ പക്ഷത്തിനു പദ്ധതിയുണ്ട്. ഡി.ജയകുമാർ, വേലുമണി, പി.തങ്കമണി എന്നിവരെയാണു ലക്ഷ്യമിടുന്നത്. ഇവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചകൾ പരിഗണനയ്ക്കു വരുമ്പോൾ വിട്ടുനിൽക്കുമെന്നാണു സൂചന. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിന്റെ ഭേദഗതികൾ പാസാകുന്ന അവസ്ഥയുണ്ടാകും. ദിനകരൻ പക്ഷത്തെ 29 എംഎൽഎമാർ വിട്ടുനിന്നാൽ എടപ്പാടിക്കു 92 പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തു 98 പേരുണ്ട്. നിയമസഭയിൽ ദിനകരപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാൻ എടപ്പാടി പക്ഷം തിരക്കിട്ട കൂടിയാലോചനകളിലാണ്.