Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിലെ സർക്കാർ ബസ് ഡിപ്പോ ഭക്ഷണശാലയിൽ പ്ലാസ്റ്റിക് അരി!

ചെന്നൈ ∙ അയനാവരത്തെ സർക്കാർ ബസ് ഡിപ്പോയിലെ ഭക്ഷണശാലയിൽ നിന്നു ലഭിച്ചത് പ്ലാസ്റ്റിക് അരി ഉപയോഗിച്ചുള്ള ചോറെന്ന് തൊഴിലാളികളുടെ പരാതി. ഇന്നലെ ഉച്ചഭക്ഷണത്തിനെത്തിയവരാണു പരാതിയുമായി രംഗത്തു വന്നത്. ചോറു തൊണ്ടയിൽനിന്ന് ഇറക്കാൻ പ്രയാസപ്പെട്ടെന്നും ഉരുട്ടിയപ്പോൾ കട്ടിയുള്ള പന്തിന്റെ ആകൃതിയിലേക്കു മാറിയതായും ഒരു വിഭാഗം തൊഴിലാളികൾ പറയുന്നു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറു ചാക്ക് അരിയാണു പാചകത്തിന് ഉപയോഗിച്ചത്. ഇതിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയിൽ മായം കലർന്നിട്ടില്ലെന്നാണു പറയുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബിലേക്കു വിശദ പരിശോധനയ്ക്കായി അരി സാംപിളും ചോറും കൈമാറിയിട്ടുണ്ട്.

തമിഴ്നാട്ടിലും ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക് അരിയും പ്ലാസ്റ്റിക് തരികൾ കലർന്ന പഞ്ചസാരയും വ്യാപകമാണെന്ന പ്രചാരണം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. പൊതുവിതരണ സംവിധാനത്തിലടക്കം പ്ലാസ്റ്റിക് അരിയും പഞ്ചസാരയും വ്യാപകമായി പ്രചരിക്കുന്നുവെന്ന ആരോപണം വിശദമായി അന്വേഷിക്കുമെന്നു കർണാടക ആരോഗ്യമന്ത്രി രമേഷ് കുമാർ വ്യക്തമാക്കി.