Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യമെഴുതാനുള്ള അവകാശം മോദി നിഷേധിക്കുന്നു: രാഹുൽ

PTI6_12_2017_000132B

ബെംഗളൂരു∙ ദലിതരെ തല്ലിയൊതുക്കിയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കുകയാണു മോദി സർക്കാരെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച്, കോൺഗ്രസ് മുഖപത്രം നാഷനൽ ഹെറൾഡ് പുറത്തിറക്കിയ സ്മരണിക രാഷ്ട്രപതി ഹാമിദ് അൻസാരി പ്രകാശനം ചെയ്ത ചടങ്ങിലാണു രാഹുലിന്റെ പരാമർശം. ആയിരക്കണക്കിനു മാധ്യമപ്രവർത്തകർക്കു സത്യങ്ങൾ എഴുതാനുള്ള അവസരം നിഷേധിച്ചിരിക്കുന്നു. കോൺഗ്രസിനെതിരെ ആയാൽപോലും സത്യങ്ങൾ തുറന്നെഴുതാനാകുന്ന ശക്തമായ പത്രസാന്നിധ്യമാകും നാഷനൽ ഹെറൾഡെന്നും ഇതിനെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കുള്ള അക്രമം പൗരാവകാശത്തെ അപകടത്തിലാക്കുമെന്നു ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പറഞ്ഞു. അതിക്രമങ്ങളും അനീതികളും മൂടിവയ്ക്കുന്നതിനായി അന്യായ വിലക്കുകളും സെൻസർഷിപ്പുകളും ഏർപ്പെടുത്തുന്നതു വിപരീതഫലമായിരിക്കും ഉണ്ടാക്കുക. വാസ്തവങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങളിലും നിക്ഷിപ്തമാണ്.

രാഹുലിന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

കഴിഞ്ഞദിവസം താന്‍ സുവർണക്ഷേത്രത്തിൽ ചെന്നപ്പോൾ സിഖ് മതത്തിലെ ഏറ്റവും ശക്തമായ പീരി – മീരി എന്ന ആശയം മനസ്സിലാക്കാനായി. പീരി എന്നാൽ സത്യത്തിന്റെ അധികാരം. മീരി എന്നാൽ അധികാരത്തിന്റെ സത്യം. രണ്ടു വാളുകളിലൂടെ ഇവ രണ്ടും എങ്ങനെയാണ് ആശയം പ്രതിനിധീകരിക്കുന്നതെന്നു വ്യക്തമായി. പീരിയും മീരിയും കൂടിച്ചേരുമ്പോൾ അവിടെ നീതി ഉണ്ടാകും. ഈ രണ്ടു ശക്തികളുടെ അസമത്വമാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നത്. സത്യത്തിന്റെ അധികാരമെന്നതിനെ പൂർണമായും അധികാരത്തിന്റെ സത്യമാക്കി മാറ്റിയിരിക്കുകയാണ്. സത്യം പറയാനുള്ള ശ്രമത്തെയും സത്യത്തിനായി നിലനിൽക്കാനുള്ള ശ്രമത്തെയും മാറ്റിനിർത്തിയിരിക്കുകയാണ്.

ദലിതരെ മർദിക്കുന്നതിലൂടെ, ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിലൂടെ, മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തുന്നതിലൂടെ... വിവിധ രീതിയിലാണ് ഇതു നടപ്പാക്കുക. ദിവസങ്ങൾക്കു മുൻപ് മധ്യപ്രദേശിലുണ്ടായ കാര്യങ്ങളെടുക്കാം. ചെയ്യാൻ താല്‍പ്പര്യമില്ലാത്ത കാര്യങ്ങളാണ് നിർബന്ധിപ്പിച്ചു ചെയ്യിക്കുന്നതെന്നു പൊലീസുകാർ വരെ പറയുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. മധ്യപ്രദേശിൽ എത്താൻ തനിക്ക് അനുവാദമുണ്ട്, പിന്നെന്തിനു തടയുന്നുവെന്ന് പൊലീസുകാരനോടു ചോദിച്ചു. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തടയലെന്നും ചോദിച്ചു. എന്നാൽ അയാൾ പറഞ്ഞത് തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു അതുകൊണ്ടു ചെയ്യുന്നുവെന്ന്. അതിനു കുറച്ചു ദിവസങ്ങൾക്കുമുന്‍പ് ഉത്തർപ്രദേശിലും ഇതുന്നെയായിരുന്നു സ്ഥിതി. തന്നെ പ്രവേശിപ്പിച്ചില്ല.

ഇതാണ് നമ്മൾ ജീവിക്കുന്ന ഇന്ത്യ. അധികാരം എന്നതാണ് ഇവിടെ സത്യത്തെ നിർമിക്കുന്നത്. സത്യമെന്തെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പേടിയാണ്. പ്രശസ്തനായ സോവിയറ്റ് കവി ഒരിക്കൽ പറഞ്ഞു, സത്യമെന്നതിനെ നിശബ്ദത മാറ്റിയാൽ, ആ നിശബ്ദത എന്നത് കളവാണെന്ന്. അതാണ് സർക്കാർ ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരെയും നിശബ്ദരാക്കാനാണ് സർക്കാരിന്റെ ശ്രമം.

എന്നാൽ നാഷനൽ ഹെറൾഡിന് ശക്തമായ ആദർശമുണ്ട്. അതൊരിക്കലും നിശബ്ദമാക്കാനാകില്ല. കോൺഗ്രസ് പാർട്ടിക്ക് എതിരെപോലും ചില സമയങ്ങളിൽ എഴുതേണ്ടിവന്നേക്കാം. എന്നാൽ പറയാനുള്ളത് പറയണമെന്ന് താൻ നാഷനൽ ഹെറൾഡിന്റെ എഡിറ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ആദർശമാണ് താൻ നാഷനൽ ഹെറൾഡിൽനിന്ന് പ്രതീക്ഷിക്കുന്നത്. സത്യമാണ് സംസാരിക്കേണ്ടത്. നിശബ്ദരാകരുത്, പേടിക്കരുത്. നിങ്ങൾക്കുമുന്നിൽ വലിയൊരു അവസരമാണുള്ളത്. ഈ രാജ്യത്ത് ആയിരക്കണക്കിന് മാധ്യമപ്രവർത്തകരാണ് എഴുതാൻ അനുവാദമില്ലാതെ കഴിയുന്നത്. പലരെയും കണ്ടപ്പോൾ അവർ ആ വിഷമം പങ്കുവച്ചിരുന്നു. അത്തരക്കാർക്കുവേണ്ടി നാഷനൽ ഹെറൾഡ് തങ്ങളുടെ വാതിൽ തുറന്നുകൊടുക്കണം. രാജ്യമെങ്ങുനിന്നും റിക്രൂട്ട് ചെയ്യണം. കഴിവുള്ള, ആത്മാർഥതയുള്ള മാധ്യമപ്രവർത്തകരെ കണ്ടെത്താൻ ഇതിലും വലിയ സമയമില്ല.

നാഷനൽ ഹെറൾഡിന് മികച്ച ഭാവി ആശംസിക്കുന്നു. സത്യം സംസാരിക്കൂ, അതിൽ പേടിക്കരുത്.

related stories