Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി സ്ഥാനാർഥി: അഡ്വാനി, ജോഷി എന്നിവരെ ബിജെപി സമിതി സന്ദർശിച്ചു

advani

ന്യൂഡൽഹി ∙ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി നിർണയ പ്രക്രിയയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും വെങ്കയ്യ നായിഡുവും ഇന്നലെ പാർട്ടി മാർഗദർശക മണ്ഡൽ അംഗങ്ങളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരെ വസതികളിൽ സന്ദർശിച്ചു ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നേതാക്കൾ തയാറായിട്ടില്ല.

പ്രായാധിക്യത്തിന്റെയും ബാബ്റി മസ്ജിദ് കേസ് കുറ്റപത്രത്തിൽ ഉൾപ്പെട്ടതിന്റെയും പേരിൽ അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ പേരുകൾ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിത്വ ചർച്ചകളിൽ സജീവമായി പരിഗണിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാർഥി സംബന്ധിച്ച തീരുമാനമെടുക്കാനായി അടുത്തയാഴ്ച ചേരുന്ന ബിജെപി കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിനു മുൻപു മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ തേടുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

അതിനിടെ, എൻഡിഎ ഘടകകക്ഷിയായ ശിവസേന രാഷ്ട്രപതി സ്ഥാനാർഥിത്വത്തിനായി പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ പേരു നിർദേശിച്ചതു ബിജെപിക്കു തലവേദനയായി. മെട്രോ മാൻ ഇ.ശ്രീധരന്റെ പേരും രാഷ്ട്രപതി സ്ഥാനാർഥി സാധ്യതാ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

മഹാരാഷ്ട്ര സന്ദർശനം നടത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ നാളെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തുന്ന ചർച്ച രാഷ്ട്രപതി സ്ഥാനാർഥി തീരുമാനത്തിൽ നിർണായകമാണ്. ശിവസേനയുടെ പിന്തുണയില്ലാതെ എഐഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബിജെപിയുടെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലുകളും പാർട്ടി കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്.

related stories