Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി സ്ഥാനാർഥി: അഡ്വാനിക്കു വേണ്ടി ഡൽഹിയിൽ പോസ്റ്ററുകൾ

advani മുതിർന്ന ബിജെപി നേതാവ് എൽ. കെ. അഡ്വാനിയെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ടു ന്യൂഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കീറിയ നിലയിൽ. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി ∙ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം നാളെ ചേരാനിരിക്കെ, മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന പോസ്റ്ററുകൾ തലസ്ഥാന നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. രാഷ്ട്രപതി സ്ഥാനാർഥിത്വ വിഷയത്തിൽ ബിജെപി സമിതിയിലെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവും പാർട്ടി മാർഗദർശകമണ്ഡൽ അംഗങ്ങളായ എൽ.കെ.അഡ്വാനി, മുരളീമനോഹർ ജോഷി എന്നിവരുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നില്ല.

രാഷ്ട്രപതി സ്ഥാനത്തേക്ക് അനുയോജ്യ സ്ഥാനാർഥിയെ നിർദേശിക്കാൻ ഇരുവരും തയാറാകാത്തതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രങ്ങൾക്കു തിരിച്ചടിയായി. സമിതിയുടെ ഭാഗത്തുനിന്നു പരിഗണിക്കുന്ന പേരുകൾ ഇവരുടെ മുന്നിലും അവതരിപ്പിച്ചില്ല. മുതിർന്ന നേതാക്കളെ ഒഴിവാക്കാനായി അവരെക്കൊണ്ടു തന്നെ ചില പേരുകൾ ശുപാർശ ചെയ്യിക്കാനായിരുന്നു സമിതിയുടെ ശ്രമം. അന്തിമ തീരുമാനമെടുക്കുന്ന പാർലമെന്ററി ബോർഡിൽ അഡ്വാനിയും ജോഷിയും അംഗങ്ങളല്ല. കർഷക നേതാവ് അശോക തൻവറിന്റെ പേരിലാണു നഗരത്തിലെങ്ങും അഡ്വാനി അനുകൂല പോസ്റ്ററുകൾ നിറഞ്ഞത്.

‘ബിജെപിയുടെ സ്രഷ്ടാവും ലോഹപുരുഷനും ദേശീയ രാഷ്ട്രീയത്തിലെ മഹാനേതാവുമായ അഡ്വാനിയാണു രാഷ്ട്രപതി സ്ഥാനാർഥിത്വത്തിന് ഏറ്റവും അനുയോജ്യൻ’ എന്നാണു പോസ്റ്റർ വാക്യം. ചിലയിടങ്ങളിൽ പോസ്റ്ററുകൾ കീറിക്കളഞ്ഞ നിലയിലുമായിരുന്നു. മെട്രോ സ്റ്റേഷനുകൾക്കു മുന്നിലാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അതേ സമയം, എൻഡിഎ സഖ്യകക്ഷികളുമായുള്ള രാഷ്ട്രപതി സ്ഥാനാർഥിത്വ ചർച്ചകൾക്കു തുടക്കമിട്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നലെ മുംബൈയിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ വസതിയിൽ സന്ദർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി സ്ഥാനാർഥിത്വത്തിനു ശിവസേന നേരത്തേ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭഗവതിന്റെ പേരു ശുപാർശ ചെയ്തിരുന്നു. മോഹൻ ഭഗവത് താൽപര്യമില്ലെന്നു വ്യക്തമാക്കിയശേഷം പ്രമുഖ കൃഷിശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ പേരും ശിവസേന മുന്നോട്ടുവച്ചിരുന്നു.

രാഷ്ട്രപതി സ്ഥാനാർഥി വിഷയത്തിൽ ശിവസേന ഇടഞ്ഞു നിൽക്കുന്നതു ബിജെപിക്കു തലവേദനയാണ്. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും ശിവസേന കോൺഗ്രസ് സ്ഥാനാർഥിയെയാണു പിന്തുണച്ചത്.

related stories