Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിനു പണം: എടപ്പാടിക്കും ദിനകരനുമെതിരെ കേസിന് നിർദേശിച്ചിരുന്നെന്ന് രേഖ

Dinakaran-Palanisamy ടി.ടി.വി.ദിനകരൻ, എടപ്പാടി പളനിസാമി

ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വോട്ടർമാർക്കു പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും അണ്ണാ ഡിഎംകെ (അമ്മ) സ്ഥാനാർഥി ടി.ടി.വി.ദിനകരനും മന്ത്രിമാർക്കുമെതിരെ കേസെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരുന്നതായി റിപ്പോർട്ട്. അഭിഭാഷകൻ വൈരകണ്ണൻ വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണു നിർണായക വിവരം. കേസെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു വൈരകണ്ണൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. നാളെ പരിഗണിച്ചേക്കും.

പി.തങ്കമണി, കെ.സെങ്കോട്ടയ്യൻ വിജയ ഭാസ്കർ, സെല്ലൂർ രാജു എന്നിവരാണു രേഖയിൽ ആരോപിതരായ മന്ത്രിമാർ. മന്ത്രി വിജയഭാസ്കറിന്റെ വസതിയിൽ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ വോട്ടർമാർക്കു വൻതോതിൽ പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.

അതിനിടെ, എടപ്പാടി സർക്കാർ വിശ്വാസ വോട്ടെടുപ്പിനായി എംഎൽഎമാർക്കു പണം നൽകിയെന്ന ആരോപണം അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം മുതിർന്ന നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ നിഷേധിച്ചു. കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുമ്പോൾ എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. സർക്കാർ പിരിച്ചുവിടണമെന്നും പണം നൽകിയെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്നു പരിഗണിക്കും.