Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി: റാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചു

India President Election

ന്യൂഡൽഹി ∙ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അനായാസ വിജയം ഉറപ്പായി. നേരത്തേ 48.93% വോട്ടു മാത്രമുണ്ടായിരുന്ന ഭരണപക്ഷത്തിന് ഇപ്പോൾ വിവിധ കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ 60 ശതമാനത്തോളം വോട്ടുകളായി. കൂടുതൽ കക്ഷികൾ റാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന. ശിവസേന ചൊവ്വാഴ്ച കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി നേതൃത്വത്തിന് ആശ്വാസമായത്. ശിവസേനയ്ക്ക് 25893 വോട്ടുമൂല്യമുണ്ട്.

ബിജു ജനതാദൾ, തെലങ്കാനാ രാഷ്ട്രസമിതി, തെലുങ്കുദേശം, വൈഎസ്ആർ കോൺഗ്രസ്, അസം ഗണ പരിഷത്, ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവരും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. തെലങ്കാനാ രാഷ്ട്രസമിതിയുടെ പിന്തുണ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് പ്രഖ്യാപിച്ചത്. അവർക്ക് 82 എം‌എൽഎമാരും 14 എംപിമാരുമുണ്ട്. ആന്ധ്രാപ്രദേശിൽനിന്ന് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് 106 എംഎൽഎമാരും 22 എംപിമാരുമുണ്ട്.

ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് ബിജെപിക്ക് മറ്റൊരു നേട്ടമായത്. 117 എംഎൽഎമാരും 28 എംപിമാരുമാണ് ഇവർക്കുള്ളത്. ആന്ധ്രയിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസിന് പത്ത് എംപിമാരുണ്ട്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗത്തിന്റെ പിന്തുണയും കോവിന്ദിനായിരിക്കുമെന്ന് ഉറപ്പായി. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ ബിജെപി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എടപ്പാടിയെ നേരിട്ടു വിളിച്ചു പിന്തുണ അഭ്യർഥിച്ചിരുന്നു. 90 എംഎൽഎമാരുടെയും നാൽപതോളം എംപിമാരുടെയും പിന്തുണ എടപ്പാടിക്കുണ്ടെന്നാണു സൂചന. ജനറൽ സെക്രട്ടറി വി.കെ. ശശികല തീരുമാനിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നാണു ടി.ടി.വി. ദിനകരനെ അനുകൂലിക്കുന്നവർ പറയുന്നത്. എം. തമ്പിദുരൈ ഇന്നലെ ശശികലയെ സന്ദർശിച്ച സാഹചര്യത്തിൽ ഇവർ എടപ്പാടിയുടെ നിലപാടിനൊപ്പം നിന്നേക്കും.

മുപ്പതിലധികം എംഎൽഎമാരും അഞ്ചോളം എംപിമാരും ദിനകരൻ പക്ഷത്തുണ്ട്. ഒ. പനീർസെൽവം പക്ഷവും ബിജെപിക്കൊപ്പം നിൽക്കും. 12 എംഎൽഎമാരും അഞ്ചോളം എംപിമാരുമാണ് ഒപ്പമുള്ളത്.

റാം നാഥ് കോവിന്ദ് ബിഹാർ ഗവർണർ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് ബിഹാർ ഗവർണർ സ്ഥാനം രാജിവച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി ബിഹാറിന്റെ ചുമതല ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠിക്കു നൽകി ഉത്തരവിറക്കി.

റാം നാഥ് കോവിന്ദ് 23നു നാമനിർദേശ പത്രിക സമർപ്പിക്കും. നാലു സെറ്റ് പത്രികകളാകും കോവിന്ദിനു വേണ്ടി സമർപ്പിക്കുക.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ , അകാലി ദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരാണ് നാലു പത്രികകൾ സമർപ്പിക്കുക.

related stories