Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി പദവി കക്ഷിരാഷ്ട്രീയത്തിന് അതീമെന്ന് റാം നാഥ് കോവിന്ദ്

ram nath kovind and narendra modi നായകനാകാൻ: രാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാൻ പാർലമെന്റിലെത്തിയ റാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപിടിച്ചു നയിക്കുന്നു. എൽ.കെ. അഡ്വാനി സമീപം. ചിത്രം: ജെ.സുരേഷ്

ന്യൂഡൽഹി ∙ രാഷ്ട്രപതിപദവി കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്നു വിശ്വസിക്കുന്നതായി എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് പറഞ്ഞു. കക്ഷി രാഷ്ട്രീയാതീതമായി പ്രവർത്തിക്കാൻ ശ്രമിക്കും. ഗവർണർ പദവിയിലെത്തിയതു മുതൽ രാഷ്ട്രീയ കക്ഷികളിലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയാണു പരമപ്രധാനമെന്നും രാഷ്ട്രപതിമാരായിരുന്ന രാജേന്ദ്ര പ്രസാദ്, എസ്.രാധാകൃഷ്ണൻ, എ.പി.ജെ.അബ്ദുൽ കലാം തുടങ്ങിയവരുടെ മഹത്തായ പാരമ്പര്യം പിന്തുടരുമെന്നും കോവിന്ദ് പറഞ്ഞു.

രാജ്യത്തിന്റെ സർവതോമുഖമായ വികസനത്തിനും യുവജനങ്ങളുടെ പ്രതീക്ഷകൾ സഫലമാക്കാനും ആധുനിക വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ നാമനിർദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

എൻഡിഎ സഖ്യകക്ഷികളിൽ ശിവസേനയുടെ പ്രതിനിധികൾ എത്തിയില്ല. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഒഴികെയുള്ള ബിജെപി മുഖ്യമന്ത്രിമാരെല്ലാം പങ്കെടുത്തു. സഖ്യകക്ഷികളിൽ ജമ്മു–കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുത്തില്ല. എൻഡിഎയ്ക്കു പുറത്തുനിന്നു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും (ടിആർഎസ്), തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും (എഐഎഡിഎംകെ) സന്നിഹിതരായിരുന്നു.

മോദി, അമിത് ഷാ, അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ എന്നിവർ നിർദേശകരായ മൂന്നു സെറ്റ് പത്രികകളാണു സമർപ്പിച്ചത്. അറുപത് എംപി/എംഎൽഎമാർ നിർദേശിക്കുകയും അറുപത് എംപി/എംഎൽഎമാർ പിന്താങ്ങുകയും ചെയ്യുന്നതാണ് ഓരോ സെറ്റും. ചട്ടപ്രകാരം 50 വീതം എംപി/എംഎൽഎമാർ ഒപ്പിട്ടാൽ മതിയെങ്കിലും മുൻകരുതലായാണു കൂടുതൽ പേരുടെ ഒപ്പുകൾ ശേഖരിച്ചത്. അമിത് ഷാ ആദ്യനിർദേശകനായ പത്രിക പൂർണമായും ഹിന്ദിയിലാണു തയാറാക്കിയത്. മറ്റു രണ്ടു സെറ്റ് പത്രികകളും ഇംഗ്ലിഷിലും. നാലാമതൊരു സെറ്റ് പത്രിക കൂടി തയാറാക്കിയിട്ടുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള കോവിന്ദിന്റെ പ്രചാരണം നാളെ ആരംഭിക്കും. നാളെ ലക്നൗവിൽ യുപിയിലെ ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഒപ്പമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിൽ കോവിന്ദിനൊപ്പം മുതിർന്ന കേന്ദ്രമന്ത്രിമാരോ പാർട്ടി ഭാരവാഹികളോ പങ്കെടുക്കും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നാണു ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. ഇരുപതു മുഖ്യമന്ത്രിമാരുടെയും 28 രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ കോവിന്ദിനുണ്ട്. കേരളം, പഞ്ചാബ്, ഡൽഹി, കർണാടക, ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലൊഴികെ എൻഡിഎ സ്ഥാനാർഥിക്കു മുൻതൂക്കം നേടാനാകുമെന്നാണു കണക്കുകൂട്ടൽ. എൻഡിഎയ്ക്കു പുറത്തുള്ള ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടു സമാഹരിക്കാനായി ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 17നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 20നു പ്രഖ്യാപിക്കും.