Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സ്കൂളിലൊളിച്ച ഭീകരരെ വധിച്ചു

 Delhi Public School ലഷ്കറെ തയിബ ഭീകരർ ഒളിച്ചിരുന്ന സ്കൂൾ. ഏറ്റുമുട്ടലിനിടെ ജനാലകളും മറ്റും തകർന്നതും കാണാം.

ശ്രീനഗർ ∙ സൈനിക വാഹനം ആക്രമിച്ചു സൈനികനെ കൊലപ്പെടുത്തിയശേഷം സ്കൂൾ സമുച്ചയത്തിൽ ഒളിച്ചിരുന്ന ലഷ്കറെ തയിബ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. 24 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണു ഞായറാഴ്ച വൈകിട്ടോടെ ഭീകരരെ വധിച്ചത്.

ഒരു ക്യാപ്റ്റനടക്കം രണ്ടു സൈനികർക്കു പരുക്കേറ്റു. ശ്രീനഗർ– ജമ്മു ദേശീയ പാതയ്ക്കരികിലുള്ള ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു ഭീകരരും സൈന്യവും ഏറ്റുമുട്ടിയത്. ശനിയാഴ്ച വൈകിട്ടു പാന്ത ചൗക്കിൽ റോ‍ഡിലെ തടസ്സങ്ങൾ നീക്കാൻ ചുമതലയുണ്ടായിരുന്ന സിആർപിഎഫ് വാഹനം ആക്രമിച്ച ഭീകരർ സൈന്യം പിന്തുടർന്നതോടെ സ്കൂളിൽ ഒളിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സാഹബ് ശുക്ല കൊല്ലപ്പെടുകയും കോൺസ്റ്റബിൾ നിസാർ അഹമ്മദിനു പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്കൂൾ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ സുരക്ഷിതരായി ഒഴിപ്പിച്ച ശേഷം ഞായർ പുലർച്ചെ 3.40ന് ആണു വെടിവയ്പ് ആരംഭിച്ചത്.

ഉച്ചയ്ക്കു ശേഷമാണ് ആദ്യ ഭീകരൻ കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുശേഷം രണ്ടാമനെയും കൊലപ്പെടുത്തിയതോടെ പോരാട്ടം അവസാനിച്ചു. രണ്ടു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഏഴു നിലകളിലായി ഒട്ടേറെ മുറികളുള്ള സ്കൂളിൽ ഒളിച്ച ഭീകരരെ കീഴടക്കുക ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

സ്കൂളിനു നാശനഷ്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഓപ്പറേഷൻ. കെട്ടിടത്തിനുള്ളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്നും സൈന്യം പരിശോധിച്ചു. സ്കൂൾ തകർക്കാനാണു ഭീകർ ലക്ഷ്യമിട്ടിരുന്നതെന്ന് ജമ്മു–കശ്മീർ ഡിജിപി എസ്.പി.വൈദ് പറഞ്ഞു.