Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണത്തെ ഒരു രാജ്യവും ചോദ്യംചെയ്തിട്ടില്ല: മോദി

narendra-modi-2 യുഎസ് സന്ദർശനത്തിനായി വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിനു പുറത്ത് ഇന്ത്യൻ വംശജർ അഭിവാദ്യം ചെയ്യുന്നു. ചിത്രം: പിടിഐ

വാഷിങ്ടൻ∙ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം ലോകത്തെ ഒരു രാജ്യവും ചോദ്യം ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർജീനിയയിൽ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയം പ്രതിരോധിക്കുവാൻ വേണ്ടി ഏതു കടുത്ത നടപടിയെടുക്കാനും ഇന്ത്യയ്ക്കു സാധിക്കുമെന്നതിന്റെ തെളിവാണു നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ ആക്രമണം.

രാജ്യത്തു സാധാരണ ജീവിതവും സമാധാനവും തകർക്കുന്ന തീവ്രവാദത്തിന്റെ മുഖം ലോകത്തിന്റെ മുൻപിൽ തുറന്നുകാട്ടുന്നതിൽ ഇന്ത്യ വിജയിച്ചു–മോദി പറഞ്ഞു. മിന്നലാക്രമണം നടത്തിയപ്പോൾ ലോകം നമ്മുടെ കരുത്തു മനസ്സിലാക്കി. സംയമനം പാലിക്കുകയെന്നതാണ് ഇന്ത്യയുടെ രീതിയെങ്കിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ നേരിടാനും പ്രതിരോധിക്കാനും നമുക്കു കഴിയുമെന്നും മിന്നലാക്രമണം കൊണ്ടു ലോകത്തിനു ബോധ്യമായി – കരഘോഷങ്ങൾക്കിടയിൽ മോദി പറഞ്ഞു.

നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയതിനു ലോകം നമ്മളെ പ്രതിസ്ഥാനത്തു നിർത്തേണ്ടതായിരുന്നു. എന്നാൽ, ഒറ്റരാജ്യം പോലും ഇന്ത്യയുടെ നടപടിയെ ചോദ്യംചെയ്തില്ല. പക്ഷേ, മിന്നാലക്രമണത്തിൽ നഷ്ടം നേരിട്ടവർ പരാതിപ്പെട്ടു കാണും – പാക്കിസ്ഥാനെ പരിഹസിച്ച് മോദി പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി ലോകക്രമം മാറ്റാനൊന്നും ഇന്ത്യ ശ്രമിക്കില്ലെന്നും മേഖലയിൽ മേധാവിത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

രാജ്യാന്തര നിയമങ്ങളെ ഇന്ത്യ അനുസരിക്കും. ലോകം ഒരു കുടുംബം – വസുധൈവ കുടുംബകം – എന്ന തത്വം വെറും വാക്കല്ല: ഇന്ത്യയുടെ സംസ്കാരമാണ്.

മൂന്നു വർഷത്തിനിടെ ഒരു കറുത്ത പൊട്ടുപോലുമില്ല

കഴിഞ്ഞ മൂന്നു വർഷത്തെ ഭരണത്തിനിടെ തന്റെ സർക്കാരിനെതിരെ ഒറ്റ അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ലെന്നു നരേന്ദ്ര മോദി. ഇന്ത്യയിൽ ഭരണപക്ഷത്തെ ജനങ്ങൾ വോട്ടുചെയ്തു പുറത്താക്കുന്നതിന്റെ പ്രധാനകാരണം അഴിമതിയാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം സുതാര്യത വർധിപ്പിച്ചു. കൃഷി മുതൽ ബഹിരാകാശം വരെയുള്ള മേഖലകളിൽ പുത്തൻ ഉയരങ്ങൾ താണ്ടാൻ ഇന്ത്യയ്ക്കു കഴിഞ്ഞു.

സുഷമ സ്വരാജിനു പ്രശംസ

നയതന്ത്രത്തിനു മാനുഷിക മുഖം നൽകാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കഴിയുന്നതായി മോദിയുടെ പ്രശംസ. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാരനു വേണ്ടിയും ഇടപെടുന്നതിന് അവർക്കു കഴിയുന്നു. സാമൂഹിക മാധ്യമങ്ങളെ അവർ അതിനായി വിദഗ്ധമായി ഉപയോഗിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.

യുഎസ് ബിസിനസ് സ്കൂളുകൾ ജിഎസ്ടി പഠിക്കട്ടെ

ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നടപ്പാക്കുന്ന അതിസങ്കീർണമായ ചരക്ക്, സേവന നികുതി പരിഷ്കാരങ്ങളെപ്പറ്റി യുഎസ് ബിസിനസ് സ്കൂളുകൾക്കു പഠിക്കാവുന്നതാണെന്നു മോദി. യുഎസിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ ചർച്ചയ്ക്കിടയിലാണു ജിഎസ്ടിയെ പറ്റി മോദി പരാമർശിച്ചത്. മികവ്, സുതാര്യത, വളർച്ച എന്നിവയിലൂന്നിയാണു ഭരണം. 7000 പുതിയ പരിഷ്കാരങ്ങളാണു കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഈ ലക്ഷ്യത്തിനായി നടപ്പാക്കിയത്.

ചോദ്യംചെയ്യപ്പെടാനാവാത്ത ബന്ധം

ഇന്ത്യയും യുഎസുമായുള്ള ബന്ധത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടാനാകാത്തവിധം സുദൃഢവും ആഴമേറിയതുമാണെന്നു ‘ദ് വാൾ സ്ട്രീറ്റ്’ ജേണലിൽ എഴുതിയ ലേഖനത്തിൽ മോദി അഭിപ്രായപ്പെട്ടു. വ്യവസ്ഥിതിയിലും രാഷ്ട്രീയ മൂല്യങ്ങളിലുമുള്ള ഉറച്ച വിശ്വാസം ഇരുരാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യം വർധിപ്പിക്കും.

related stories