Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലുവിന്റെ മകളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

misa-bharati

ന്യൂഡൽഹി∙ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിട വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധന. ബെനാമി വസ്തു ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണു മിസ, ഭർത്താവ് ശൈലേഷ് കുമാർ, മുൻപ് ഇവർ ഉടമസ്ഥരായിരുന്ന കമ്പനി എന്നിവയുടെ പേരിലുള്ള മൂന്നു ഫാം ഹൗസുകളിൽ റെയ്ഡ് നടത്തിയത്.

വിവിധ ഇടപാടുകളിലായി നടന്ന 8000 കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷിക്കുന്നത്. ഡൽഹിയിലുള്ള സൈനിക് ഫാംസ്, ബിജ്‍വാസൻ, ഗിറ്റോർണി എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നതെന്നും രണ്ടിടങ്ങളിൽ കൂടി ഉടൻ പരിശോധന നടത്തുമെന്നും ഇഡി വ്യക്തമാക്കി. നിർണായക രേഖകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

റെയിൽവേ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, ഭാര്യ റാബറി ദേവി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്കും മറ്റ് ഏതാനും പേർക്കുമെതിരെ സിബിഐ കേസെടുത്തതിന്റെ പിന്നാലെയാണു മിസയ്ക്കെതിരായ നടപടി.

മിസയും ശൈലേഷും ഡയറക്ടർമാരായിരുന്ന മിഷെയ്‌ൽ പ്രിന്റേഴ്സ് ആൻഡ് പാക്കേഴ്സിന്റെ 1,20,000 ഓഹരികൾ വ്യാജ കമ്പനികൾക്കു വിൽക്കുകയും പിന്നീട് അവ വീണ്ടും വാങ്ങുകയും ചെയ്തതിൽ കോടികളുടെ ക്രമക്കേടു നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വ്യാജ കമ്പനികൾ സ്ഥാപിച്ചു ക്രമക്കേടിനു കൂട്ടുനിന്ന സഹോദരങ്ങളായ സുരേന്ദ്ര കുമാർ ജെയിൻ, വിരേന്ദ്ര ജെയിൻ, ഇടപാടുകൾ സംബന്ധിച്ചു കൃത്രിമ കണക്കുകളുണ്ടാക്കിയ ചാർട്ടേർഡ് അക്കൗണ്ടന്റ് രാജേഷ് അഗർവാൾ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ ഓഹരി ഇടപാടുകളിലൂടെ സ്വന്തമാക്കിയ കോടികൾ ഉപയോഗിച്ചാണു ഡൽഹിയിൽ ഫാം ഹൗസുകൾ ഇവർ സ്വന്തമാക്കിയതെന്നാണു സൂചന.