Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദർശ് കുംഭകോണം: രണ്ടു മുൻ കരസേനാ മേധാവികൾക്കു പങ്കുണ്ടെന്നു റിപ്പോർട്ട്

adarsh ജനറൽ ദീപക് കപൂർ, ജനറൽ എൻ.സി. വിജ്

ന്യൂഡൽഹി ∙ മുംബൈയിലെ ആദർശ് ഗൃഹസമുച്ചയവുമായി ബന്ധപ്പെട്ട കുംഭകോണത്തിൽ രണ്ടു മുൻ കരസേനാ മേധാവികൾക്കു പങ്കുണ്ടെന്നു പ്രതിരോധ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട്. കാർഗിൽ ജവാന്മാർക്കും സൈനിക വിധവകൾക്കും വേണ്ടി നിർമിച്ച സമുച്ചയം രാഷ്‌‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നു തട്ടിയെടുത്തെന്ന ആരോപണം രാജ്യത്തെ പിടിച്ചുലച്ചിരുന്നു.

മുൻ സേനാ മേധാവികളായ ജനറൽ എൻ.സി.വിജ് (2002-2005), ജനറൽ ദീപക് കപൂർ (2007-10) എന്നിവർക്കും അഴിമതിയിൽ പങ്കുണ്ടെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണു റിപ്പോർട്ടിലുള്ളത്. നാവികസേനാ മേധാവിയായിരുന്ന അഡ്മിറൽ മാധവേന്ദ്ര സിങ്, വൈസ് അഡ്മിറൽ മദൻജിത് സിങ് എന്നിവരുടെ പേരുകളും റിപ്പോർട്ടിലുണ്ട്.

ആദർശ് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രമക്കേടു കാട്ടിയ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ പ്രതിരോധ മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തി‌ലാണു മ‌ന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചത്. മുൻ ലഫ്. ജനറൽമാരായ ജി.എസ്.സിഹോട്ട, തേജിന്ദർ സിങ്, ശന്തനു ചൗധരി, മേജർ ജനറൽമാരായ എ.ആർ.കുമാർ, വി.എസ്.യാദവ്, ടി.കെ.കൗൾ, ആർ.കെ.ഹൂഡ എന്നിവരുടേതാണു റിപ്പോർട്ടിൽ ഇടം കണ്ട മറ്റു പേരുകൾ.

മേജർ ജനറൽമാരായ എ.ഐ.കുമാർ, ടി.കെ.കൗൾ, ബ്രിഗേഡിയർമാരായ ടി.കെ.സിൻഹ, എം.എം.വാഞ്ചു, കേണൽ ആർ.കെ.ബക്ഷി തുടങ്ങിയവർക്കെതിരെ 2012ൽ സിബിഐ കുറ്റപത്രം സമർപ്പി‌ച്ചിരുന്നു. ഇവരുടെ വിചാരണ തുടങ്ങിയിട്ടില്ല. വിവാദത്തെത്തുടർന്നു മഹാരാഷ്ട്ര ‌മുൻ‍ മുഖ്യമന്ത്രി അശോക് ചവാൻ പദവി രാജിവച്ചിരുന്നു. ആദർശ് ഫ്ലാറ്റ് പൊളിച്ചുനീക്കാനുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയിലാണ്.