Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ ജയിൽ സൗകര്യം: വിഡിയോ നശിപ്പിച്ചെന്ന് ഡിഐജിയുടെ പരാതി

Sasikala Natarajan

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വിഡിയോ ദൃശ്യം ഉദ്യോഗസ്ഥരിൽ ചിലർ തന്നെ നശിപ്പിച്ചതായി ജയിൽ ഡിഐജി ഡി.രൂപ ആരോപിച്ചു. ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ചു താൻ സമർപ്പിച്ച റിപ്പോർട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ വിഡിയോ ക്യാമറയിൽ പകർത്തിയിരുന്നു. 

മൊബൈൽ ഫോൺ പ്രവർത്തിക്കാത്തതിനാൽ ജയിൽ ഓഫിസിലെ വിഡിയോ ക്യാമറയാണ് ഉപയോഗിച്ചത്. വിഡിയോ ഡൗൺലോഡ് ചെയ്തു പെൻഡ്രൈവിലാക്കാൻ ജയിൽ ഓഫിസിലെ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ക്യാമറ തിരികെ കിട്ടിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.

ശശികലയ്ക്കു ജയിലിൽ അനുവദിച്ചിരിക്കുന്ന സൗകര്യങ്ങളുടെ തെളിവുകളെല്ലാം വിഡിയോയിൽ ഉണ്ടായിരുന്നുവെന്നും രൂപ അവകാശപ്പെട്ടു. സന്ദർശകരെ കാണാൻ ശശികലയ്ക്കു പ്രത്യേക സ്ഥലം തന്നെ അനുവദിച്ചിരുന്നു. താൻ വനിതാ സെൽ സന്ദർശിച്ചിട്ടില്ലെന്ന ഡിജിപി സത്യനാരായണ റാവുവിന്റെ പ്രസ്താവനയും ഡിഐജി തള്ളി. ജൂലൈ പത്തിനാണു ശശികലയെ പാർപ്പിച്ച സെൽ സന്ദർശിച്ചത്. ജയിലിലെ കൂടുതൽ ക്രമക്കേടുകൾ ചീഫ് സെക്രട്ടറിക്കു സമർപ്പിക്കുന്ന രണ്ടാമത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.

ഡിജിപി സത്യനാരായണ റാവുവും ഡിഐജി രൂപയും ഇന്നലെ വെവ്വേറെ ജയിലിലെത്തിയിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഡിഐജിയും ജയിലിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം എത്തുന്നതിനു മുന്നോടിയായാണ് ഇരു ഉദ്യോഗസ്ഥരും ജയിലിലെത്തിയത്.