Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിവിവരങ്ങളുടെ കൈമാറ്റം: വിവേചനത്തിന്റെ യുക്തി ചോദ്യംചെയ്ത് സുപ്രീം കോടതി

Supreme Court on spectrum case

ന്യൂഡൽഹി ∙ വ്യക്‌തിപരമായ വിവരങ്ങൾ ഫോൺ കമ്പനികളുമായി പങ്കുവയ്‌ക്കുന്നവർ സർക്കാരിന്റെ കാര്യത്തിൽ മാത്രം നിയന്ത്രണം ആവശ്യപ്പെടുന്നതിന്റെ യുക്‌തിയെന്തെന്നു സുപ്രീം കോടതി. സ്വകാര്യ സ്‌ഥാപനങ്ങൾക്കു സ്വമേധയാ നൽകുന്ന വിവരങ്ങൾ പരസ്യമാക്കപ്പെട്ടാൽ നടപടി സാധ്യമാണെന്നും സർക്കാരിനു നൽകുമ്പോൾ അത്തരം നിയന്ത്രണങ്ങളില്ലെന്നും അഭിഭാഷകന്റെ മറുപടി.

സ്വകാര്യത മൗലികാവകാശമല്ലെന്നു നേരത്തേയുള്ള വിധികൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിൽ ഇനി 25നു വാദം തുടരും. അന്നു കേന്ദ്ര സർക്കാർ നിലപാടു വ്യക്‌തമാക്കും. ആധാർ പദ്ധതി സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാരോപിച്ചുള്ള ഹർജികളുടെ പശ്‌ചാത്തലത്തിലാണു സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ലും 1962ലും നൽകിയ വിധികൾ ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് പരിശോധിക്കുന്നത്.

വ്യക്‌തികൾക്കു സ്വകാര്യതയ്‌ക്കുള്ള അവകാശം പൂർണമല്ലെന്നും ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടത്തിന് അവകാശമുണ്ടെന്നും കോടതി കഴിഞ്ഞദിവസം വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. ഡിജിറ്റൽ യുഗത്തിൽ വ്യക്‌തിപരമായ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചായിരുന്നു ഇന്നലത്തെ വാദമേറെയും. 99% പേർക്കും വ്യക്‌തിപരമായ വിവരങ്ങൾ സ്വകാര്യ കമ്പനികളുമായി പങ്കുവയ്‌ക്കാൻ മടിയില്ലെന്നു കോടതി വാക്കാൽ പറഞ്ഞു.

ഐപാഡ് ഉപയോഗിക്കാൻ വിരലടയാളം ഉപയോഗിക്കുമ്പോൾ വിവരങ്ങൾ പരസ്യമാവുകയാണ്. മുംബൈയിൽനിന്നു ഡൽഹിയിലേക്കു യാത്ര ചെയ്യാൻ തീരുമാനിച്ചാലുടനെ നൂറു നിർദേശങ്ങളെങ്കിലും ലഭിക്കുകയായി. നിങ്ങളുടെ സ്വകാര്യവും വ്യക്‌തിപരവുമായ വിവരങ്ങൾ സ്വകാര്യവക്‌തികളുടെ പക്കലാവുന്നതും ഭരണകൂടം കൈവശംവയ്‌ക്കുന്നതും തമ്മിൽ ഗുണപരമായ വ്യത്യാസം വല്ലതുമുണ്ടോ – കോടതി ചോദിച്ചു.

രഹസ്യാത്മകതയുടെയല്ല, അന്തസ്സിന്റെ പടിയിൻമേലാണു സ്വകാര്യത നിൽക്കുന്നതെന്നും വ്യക്‌തികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കാൻ സർക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഹർജിക്കാരിലൊരാൾക്കുവേണ്ടി സാജൻ പൂവയ്യ വാദിച്ചു. വ്യക്‌തികൾ തികഞ്ഞ ബോധത്തോടെ വിവരങ്ങൾ കൈമാറുന്നതു വ്യക്‌തിപരമായ വിവരങ്ങൾ അടിയറവയ്‌ക്കുന്ന നടപടിയല്ല. കൃത്യമായ ഏതെങ്കിലും സംഗതിക്കായാണു സ്വകാര്യ കമ്പനികൾക്കു വിവരങ്ങൾ നൽകുന്നത്. വിവരങ്ങൾ പരസ്യപ്പെടുത്തുന്നവർക്കു സ്വകാര്യതയ്‌ക്ക് അവകാശമില്ലെന്നു കോടതിക്കു പറയാനാവുമോ? സർക്കാർ നിരീക്ഷിക്കുന്നുവെന്ന ആശങ്കപോലും പൗരാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. വ്യക്‌തികളുടെ വിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനും വിശകലനം ചെയ്യാനും സർക്കാരിനു പരിധിയില്ലാത്ത അധികാരമെന്നത് ആലോചിക്കാവുന്ന കാര്യമല്ല.

പാസ്‌പോർട്ടിനായും ഭീകരവിരുദ്ധ നടപടികൾക്കായും മറ്റും വിവരങ്ങൾ ശേഖരിക്കുന്നതിനോടു വിയോജിപ്പുണ്ടോയെന്നു കോടതി ചോദിച്ചു. ഭീകരവിരുദ്ധ നടപടികളിൽ സർക്കാരിനു കൂച്ചുവിലങ്ങിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്നും നിയമപ്രകാരം മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമുണ്ടാകരുതെന്നാണു വാദമെന്നും പൂവയ്യ പറഞ്ഞു.

related stories