Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന്റെ പേരിൽ അക്രമം നടത്തുന്നവരെ സംരക്ഷിക്കരുതെന്നു സുപ്രീം കോടതി

supreme-court-flag

ന്യൂഡൽഹി ∙ പശു സംരക്ഷകർ ചമഞ്ഞ് അക്രമം നടത്തുന്നവരെ സംരക്ഷിക്കരുതെന്നു കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വാക്കാൽ നിർദേശിച്ചു. സ്വകാര്യവ്യക്‌തികളുടെ നിയമവിരുദ്ധ നടപടികളെ പിന്തുണയ്‌ക്കുന്നില്ലെന്നും നടപടിയെടുക്കേണ്ടതു സംസ്‌ഥാനങ്ങളാണെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സൊളിസിറ്റർ ജനറൽ വ്യക്‌തമാക്കി.

പശു സംരക്ഷണത്തിന്റെ പേരിൽ ദലിതരെയും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ടു തെഹ്‌സീൻ പൂനാവാലയും മറ്റും നൽകിയ ഹർജികൾ ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചത്. കേന്ദ്രവും പല സംസ്‌ഥാനങ്ങളും എതിർ സത്യവാങ്‌മൂലം നൽകിയിട്ടില്ലെന്നു ഹർജിക്കാർക്കു വേണ്ടി സഞ്‌ജയ് ഹെഗ്‌ഡെ വ്യക്‌തമാക്കി. ക്രമസമാധാനം സംസ്‌ഥാനങ്ങളുടെ വിഷയമാണെന്നും കേന്ദ്രത്തിന് അതിലൊന്നും ചെയ്യാനില്ലെന്നും സൊളിസിറ്റർ ജനറൽ രഞ്‌ജിത് കുമാർ പറഞ്ഞു. പശുവിന്റെ പേരിൽ അക്രമം നടത്തുന്നവരെ പിന്തുണയ്‌ക്കുന്നില്ലെന്ന സർക്കാർ നിലപാട് കഴിഞ്ഞ ദിവസം പാർലമെന്റിലും വ്യക്‌തമാക്കിയതാണ്. വിശദമായ മറുപടി നൽകാൻ സമയമനുവദിക്കണമെന്നും സൊളിസിറ്റർ ജനറൽ പറഞ്ഞു.

ക്രമസമാധാനം സംസ്‌ഥാനവിഷയമാണെന്നു പറഞ്ഞാൽ മാത്രം പോരാ, പശു സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയുമരുതെന്നു കോടതി പറഞ്ഞു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും കോടതി നാലാഴ്‌ച സമയമനുവദിച്ചു. കേസ് ഇനി സെപ്‌റ്റംബർ ആറിനു പരിഗണിക്കും. സംസ്‌ഥാനത്തു പശുവിന്റെ പേരിൽ ഒരു അക്രമസംഭവമേ ഉണ്ടായിട്ടുള്ളൂവെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്തെന്നും ഗുജറാത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഉണ്ടായെന്നും ഇരകൾക്കു നഷ്‌ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ഉറപ്പാക്കിയെന്നും ജാർഖണ്ഡ് രേഖാമൂലം വ്യക്‌തമാക്കി. സത്യവാങ്‌മൂലം നൽകിയിട്ടില്ലെന്നു മാത്രം ഉത്തർപ്രദേശിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിനിടെ, ഇറച്ചിക്കായി കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചുള്ള വിജ്‌ഞാപനത്തിന് ഏർപ്പെടുത്തിയ സ്‌റ്റേ നീക്കണമെന്ന അപേക്ഷകൾ സുപ്രീം കോടതി 24നു പരിഗണിക്കാൻ മാറ്റി. സ്‌റ്റേ നീക്കണമെന്നു കേന്ദ്ര സർക്കാരും ചില സംഘടനകളുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, തങ്ങൾക്ക് അപേക്ഷയുടെ പകർപ്പു നൽകുകപോലും ചെയ്‌തിട്ടില്ലെന്നു വിജ്‌ഞാപനത്തിനെതിരെ ഹർജി നൽകിയ സാബു സ്‌റ്റീഫന്റെ അഭിഭാഷകൻ വി.കെ.ബിജു വാദിച്ചു. തുടർന്നാണ് അപേക്ഷകൾ തിങ്കളാഴ്‌ച പരിഗണിക്കാമെന്നു ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയത്.

related stories