Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാറൂഖിനു പിന്നാലെ ബച്ചന്‍ കുടുംബത്തിനും അജയ് ദേവ്ഗണിനും ഇഡി നോട്ടിസ്

Amitabh Bachchan

മുംബൈ ∙ നടൻ ഷാറൂഖ് ഖാനു പിന്നാലെ ബച്ചൻ കുടുംബത്തിനും നടൻ അജയ്‌ ദേവ്ഗണിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. കഴിഞ്ഞ 13 വർഷക്കാലത്തെ വിദേശനാണ്യ വിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണു നടൻ അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായി എന്നിവരോടും നടൻ അജയ് ദേവ്ഗണിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശനാണയ വിനിമയ നിയമത്തിലെ 37–ാം വകുപ്പു പ്രകാരം അന്വേഷണം ആരംഭിക്കുന്നതിനു മുൻപു പ്രാഥമിക വിവരങ്ങൾ തിരക്കിയാണു നോട്ടിസ്. 

റിസർവ് ബാങ്ക് 2004ൽ കൊണ്ടുവന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽആർഎസ്) അനുസരിച്ച് ഒരു വ്യക്തിക്കു പ്രതിവർഷം പരമാവധി 2.50 ലക്ഷം ഡോളർ മാത്രമാണ് ഓഹരികളായും വസ്തുവകകളായും വിദേശത്തു നിക്ഷേപിക്കാനാകുക. ഇതിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നത്.

ഐപിഎൽ ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലെ ഷാറൂഖ് ഖാന്റെ ഓഹരികള്‍ നടി ജൂഹി ചാവ്‌ലയുടെ ഭർത്താവ് ജയ് മേത്തയുടെ മൊറീഷ്യസ് ആസ്ഥാനമായ കമ്പനിക്കു കൈമാറിയതിനെക്കുറിച്ച് ഇഡി അന്വേഷിച്ചുവരികയാണ്. അടുത്ത മാസം 23നു നേരിട്ടു ഹാജരാകാന്‍ ഷാറൂഖിനു കഴിഞ്ഞ ദിവസം നോട്ടിസും നല്‍കിയിരുന്നു.