Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമതല നിറവേറ്റാത്ത പാർലമെന്റ് ജനവിശ്വാസം ലംഘിക്കുന്നു: വിടവാങ്ങൽ പ്രസംഗത്തിൽ പ്രണബ് മുഖർജി

Pranab പ്രണാമം: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഔദ്യോഗിക യാത്രയയപ്പു സമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി.

ന്യൂഡൽഹി∙ തികച്ചും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ ഓർഡിനൻസ് ഇറക്കാൻ പാടുള്ളുവെന്നും സാമ്പത്തിക വിഷയങ്ങളിൽ ഓർഡിനൻസ് പാടില്ലെന്നും രാഷ്‌ട്രപതി പ്രണബ് മുഖർജി. പാർലമെന്റ് നിയമനിർമാണ ചുമതല നിർവഹിക്കാത്തപ്പോഴും ചർച്ചയില്ലാതെ നിയമം പാസാക്കുമ്പോഴും ജനം അർപ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണു സംഭവിക്കുന്നതെന്നു രാഷ്‌ട്രപതി ഓർമിപ്പിച്ചു.

കാലാവധി പൂർത്തിയാക്കി നാളെ സ്‌ഥാനമൊഴിയുന്ന രാഷ്‌ട്രപതി പ്രണബ് മുഖർജിക്കു പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഔദ്യോഗിക യാത്രയയപ്പു നൽകി. ഉപരാഷ്‌ട്രപതി ഡോ. ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ, മുൻ പ്രധാനമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ രാഷ്‌ട്രപതിയായി റാം നാഥ് കോവിന്ദ് നാളെ ഉച്ചയ്‌ക്കു 12.15നു പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും.

യാത്രയയപ്പു സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണു പാർലമെന്റിനെ ഒഴിവാക്കിയുള്ള ഭരണനടപടികളോടു ശക്‌തമായ വിയോജിപ്പു രാഷ്‌ട്രപതി വ്യക്‌തമാക്കിയത്. എന്നാൽ ചരക്ക്, സേവന നികുതി പാസാക്കി കഴിഞ്ഞ ഒന്നുമുതൽ നടപ്പാക്കിയതു സഹകരണാധിഷ്‌ഠിത ഫെഡറലിസത്തിന്റെ തിളങ്ങുന്ന ഉദാഹരണവും പാർലമെന്റിന്റെ പക്വതയുടെ തെളിവുമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

പാർലമെന്റിന്റെ പ്രാതിനിധ്യ സ്വഭാവത്തിലെ സവിശേഷതകളിലേക്കു വിരൽചൂണ്ടിയ രാഷ്‌ട്രപതി, 788 അംഗങ്ങളുടെയും ശബ്‌ദം സുപ്രധാനമാണെന്നും പറഞ്ഞു. പാർലമെന്റിൽ നിയമനിർമാണത്തിനുള്ള സമയം കുറയുന്നതു നിർഭാഗ്യകരമാണ്. ഭരണനിർവഹണം ഏറെ സങ്കീർണമാകുന്ന സാഹചര്യത്തിൽ, വേണ്ടത്ര പരിശോധനയും ചർച്ചയും നടത്തി മാത്രമേ നിയമങ്ങൾ നിർമിക്കാൻ പാടുള്ളു.

സമിതികളിലെ പരിശോധന പാർലമെന്റിലെ ചർച്ചയ്‌ക്കു പകരമാവില്ല. പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്നതോ അവതരിപ്പിച്ചിട്ടുള്ളതോ ആയ വിഷയങ്ങളിൽ ഓർഡിനൻസ് ഇറക്കാൻ പാടില്ലെന്നും രാഷ്‌ട്രപതി പറഞ്ഞു. തന്റെ രാഷ്‌ട്രീയ ജീവിതത്തെ പരിപോഷിപ്പിച്ചതിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കുള്ള പങ്ക് വിശദമായി പറഞ്ഞ പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രിമാരിൽ ജവാഹർലാൽ നെഹ്‌റു, പി.വി. നരസിംഹ റാവു, എ.ബി. വാജ്‌പേയി, ഡോ. മൻമോഹൻ സിങ് എന്നിവരെയും സോണിയ ഗാന്ധി, എൽ.കെ. അഡ്വാനി, സർദാർ വല്ലഭ് ഭായ് പട്ടേൽ, ഭൂപേഷ് ഗുപ്‌ത, മധു ലിമായേ തുടങ്ങിയവരെയും പരാമർശിച്ചു.

സംസ്‌ഥാനങ്ങളിൽ രണ്ട് അധികാര നിർവഹണ സ്‌ഥാനങ്ങൾ പാടില്ലെന്നും ഗവർണർമാരുടെ പ്രധാന ചുമതല മുഖ്യമന്ത്രിമാരെ ഉപദേശിക്കലാണെന്നും ഈയിടെ ഒരു ചടങ്ങിൽ രാഷ്‌ട്രപതി ഗവർണർമാരെ ഓർമിപ്പിച്ചത് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എടുത്തുപറഞ്ഞു.

സർക്കാർ രൂപീകരണം ഗവർണർക്കു വിവേചനാധികാരം പ്രയോഗിക്കാൻ പറ്റുന്ന മേഖലയല്ലെന്നും സഭയിൽ വ്യക്‌തമാകുന്ന ഭൂരിപക്ഷം അംഗീകരിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ച പ്രണബ് മുഖർജിയുടെ സമ്പന്നമായ രാഷ്‌ട്രീയ പൈതൃകം പൊതുജീവിതത്തിലെ ഭാവിതലമുറയ്‌ക്കു മൂല്യമേറിയ പാഠമാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

related stories