Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലുമായി ആന്ധ്ര സർക്കാരിന്റെ ഉദ്യോഗ രഥം; ഇനി ജോലി വണ്ടി പിടിച്ചെത്തും

job-vehicle

വിശാഖപട്ടണം ∙ വിശാഖപട്ടണത്തെ യുവാക്കൾക്ക് ഇനി ജോലി തേടി നടക്കേണ്ട. ജോലി, വണ്ടി പിടിച്ച് അവരുടെ അടുത്തെത്തും.  തൊഴിലില്ലാത്തവർക്ക് അനുഗ്രഹമായി സർക്കാരിന്റെ ‘ഉദ്യോഗരഥം’ നിരത്തിലിറങ്ങി. തൊഴിൽ  അവസരങ്ങളെ കുറിച്ച് അറിയിക്കാനും തൊഴിൽ രഹിതർക്കു റജിസ്റ്റർ ചെയ്യാനും കംപ്യൂട്ടർ, വൈഫൈ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെയാണു പ്രവർത്തനം.

യോഗ്യത, ശമ്പളം എന്നിവ തൊഴിൽ ഉടമയുമായി ചർച്ച ചെയ്യാൻ വാനിലുള്ള ജോബ് കൗൺസിലർ സഹായിക്കും. സ്ഥാപനങ്ങളിൽനിന്ന് ഒഴിവുകൾ ശേഖരിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. 

റജിസ്ട്രേഷൻ സൗജന്യമാണ്. യോഗ്യരായ ഉദ്യോഗാർഥികളുടെ ഹ്രസ്വ പട്ടിക ഉദ്യോഗരഥത്തിലെ കംപ്യൂട്ടർ തയാറാക്കും. മൊബൈൽ വഴി ഉദ്യോഗാർഥിയെയും തൊഴിലുടമയെയും വിവരം അറിയിക്കും. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, കോളജ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉദ്യോഗരഥം പര്യടനം നടത്തുക. ആന്ധ്രപ്രദേശിലെ രണ്ടാമത്തെ ഉദ്യോഗരഥമാണിത്. വിജയവാഡയിലാണു പദ്ധതി ആദ്യം തുടങ്ങിയത്.