Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

200 രൂപ നോട്ടിൽ എടിഎം ഉണരും; നോട്ട് വിനിമയവും

atm-windows-xp

ന്യൂഡൽഹി∙ പുതിയ 200 രൂപ നോട്ടുകൾ വരുന്നതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനു മുൻപുള്ള അവസ്ഥയിലേക്കു നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത്. നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86%   ഇപ്പോൾ കൈവന്നതായാണ് എസ്ബിഐ റിപ്പോർട്ട്. 

അന്ന് 17.01 ലക്ഷം കോടി; ഇന്ന് 14.50 ലക്ഷം കോടി

2016 നവംബർ ഒൻപതിനാണു നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ചത്. അന്നു 17.01 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു വിനിമയത്തിലുണ്ടായിരുന്നത്. പുതിയ കണക്കുപ്രകാരം 14.50 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിലെത്തി. 

25,000 കോടി രൂപ അധികം

വിപണിയിൽ വിനിമയത്തിലുള്ള മൊത്തം നോട്ടുകളുടെ 3.8% ബാങ്കുകളിലായിരിക്കുമെന്നാണു സാധാരണ കണക്ക്. എന്നാൽ, ബാങ്കുകളിലുള്ള പണം വിപണിയിലുള്ളതിന്റെ 5.4 ശതമാനമാണിപ്പോൾ. അതായത് 1.6 ശതമാനം വർധന. ഇതനുസരിച്ച് 25,000 കോടി രൂപ കൂടുതലായി ബാങ്കുകളിലുണ്ട്. ഇത് എടിഎമ്മിലും മറ്റുമായി ഉപയോഗിക്കാത്ത അവസ്ഥയിലാണ്.

രണ്ടായിരത്തിനോടു മടുപ്പ്

നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടേയുള്ളൂ. എടിഎമ്മിൽനിന്ന് ഇടത്തരം നോട്ടുകൾ പിൻവലിക്കുന്നതു കുറഞ്ഞിട്ടുണ്ട്. ഇതാണു ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വർധിക്കാൻ കാരണം. 200 രൂപ വ്യാപകമാകുന്നതോടെ എടിഎമ്മിൽനിന്നു കൂടുതൽ നോട്ടുകൾ പിൻവലിക്കുമെന്നാണു നിഗമനം. അടുത്ത മാസം മുതൽ 200 രൂപ നോട്ടുകൾ എത്തിത്തുടങ്ങിയേക്കും.

നോട്ടു പരിശോധനയ്ക്ക് 12 കേന്ദ്രം

കുന്നുകൂടിയ അസാധുനോട്ടുകളിൽനിന്നു കള്ളനോട്ടുകൾ കണ്ടെത്താൻ 12 കറൻസി വെരിഫിക്കേഷൻ കേന്ദ്രങ്ങൾ ആറുമാസത്തേക്കു സ്ഥാപിക്കാൻ ആർബിഐ ടെൻഡർ ക്ഷണിച്ചു. 500, 1000 രൂപ നോട്ടുകൾ എണ്ണിത്തീരുന്ന പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല. കരാറടിസ്ഥാനത്തിൽ ഇതിന്റെ ചുമതല പുറത്തുനിന്നുള്ള കേന്ദ്രങ്ങൾക്കു നൽകും. ഇതിനായി നേരത്തെ ടെൻഡർ വിളിച്ചെങ്കിലും അതു റദ്ദാക്കിയിരുന്നു. അസാധുനോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്ന റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായതിന്റെ പിന്നാലെയാണു പുതിയ നടപടി.

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച ദിവസം 1716.50 കോടി 500 രൂപയുടെ നോട്ടുകളും 685.80 കോടി ആയിരം രൂപയുടെ നോട്ടുകളുമാണു വിനിമയത്തിലുണ്ടായിരുന്നത്.