Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വിറ്റ് ഇന്ത്യ സമരം: ആർഎസ്എസിന്റെ പങ്ക് വിശദമാക്കണമെന്ന് കോൺഗ്രസ്

Manish-Tewari മനീഷ് തിവാരി

ന്യൂഡൽഹി ∙ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനകാലത്ത് ആർഎസ്എസും അനുബന്ധ സംഘടനകളും എവിടെയായിരുന്നു? പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ ക്വിറ്റ് ഇന്ത്യയെയും സ്വാതന്ത്ര്യത്തെയുംകുറിച്ചു പ്രധാനമന്ത്രി പരാമർശിച്ച സാഹചര്യത്തിൽ കോൺഗ്രസിന്റേതാണു ചോദ്യം.

‘‘സ്വാതന്ത്ര്യസമരത്തിൽ ക്വിറ്റ് ഇന്ത്യ സുപ്രധാനം. എന്നാൽ, അതിൽ രാജ്യത്തെ വലതുപക്ഷത്തിന്റെ സംഭാവന എന്തായിരുന്നു?’’ കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു. ഇതേസമയം, കുറച്ചു സംസാരിച്ചു കൂടുതൽ പ്രവർത്തിക്കാൻ പാർട്ടി നേതാവ് രേണുക ചൗധരി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

ജാതിയുടെയും പശുവിന്റെയും വർഗീയതയുടെയും പേരിൽ ജനങ്ങൾ ദിവസവും മരിക്കുകയാണെന്ന് അവർ ഓർമിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസും അനുബന്ധ സംഘടനകളും നേതാക്കളും സ്വീകരിച്ച നിലപാട് ദേശവിരുദ്ധമായിരുന്നെന്നാണു കോൺ‌ഗ്രസിന്റെ നിലപാട്.

മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ‌എസ്എസിന്റെ പങ്കിനെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ ‌അടുത്തകാലത്തുണ്ടായ വിവാദം നിയമയുദ്ധത്തിലെത്തിയിരുന്നു. രാഷ്ട്രം ക്വിറ്റ് ഇന്ത്യയുടെ 75–ാം വാർഷികവും സ്വാതന്ത്ര്യത്തിന്റെ 70–ാം വാർഷികവും അടുത്ത മാസം ആചരിക്കുമ്പോൾ ചില തീരുമാനങ്ങളെടുക്കാൻ സമയമായെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാ‌മർശം.

ഓഗസ്റ്റ് 15 നമുക്കു പ്രതിജ്ഞാദിനമാകണം. മാലി‌ന്യം, ദാ‌രിദ്ര്യം, ഭീകരത, വർഗീയത, ജാതീയത എന്നിവയോടു ക്വിറ്റ് ഇന്ത്യ എ‌ന്നു പറയണമെന്നായിരുന്നു പ്രഭാഷണത്തിലെ ആഹ്വാനം.

related stories