Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കു പ്രശംസ ചൊരിഞ്ഞ് നിതിഷ്; ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ഭിന്നത

Nitish-Kumar-and-Narendra-Modi

പട്‌ന∙ നരേന്ദ്ര മോദിയെ തോൽപിക്കാനാവില്ലെന്നു നിതീഷ് കുമാർ. രാജ്യത്തെ താനുൾപ്പെടെയുള്ള നേതാക്കൾക്ക് അതിനുള്ള കഴിവില്ലെന്നും 2019ൽ മോദി തന്നെ അധികാരത്തിൽ മടങ്ങിയെത്തുമെന്നും നിതീഷ് പ്രഖ്യാപിച്ചു.

ബിജെപിയുമായി കൂട്ടുകൂടിയതിനു പിന്നാലെയാണു രാഷ്‌ട്രീയത്തിലെ പഴയ ബദ്ധവൈരിയെ ബിഹാർ മുഖ്യൻ പ്രശംസകൊണ്ടു മൂടിയത്. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു നിതിഷ്. വിശാലസഖ്യം നിലനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ജെഡിയു ബിഹാറിനു വേണ്ടി രൂപീകരിച്ച പാർട്ടിയാണെന്നും മറ്റു സംസ്‌ഥാനങ്ങളിലെ കാര്യം അറിയില്ലെന്നും സഖ്യം വിടാനുള്ള തീരുമാനത്തിനെതിരെ കേരളത്തിലും മഹാരാഷ്‌ട്രയിലും ഉയർന്ന വിമർശനങ്ങൾക്കു മറുപടിയായി നിതീഷ് വ്യക്‌തമാക്കി.

അതിനിടെ, നിതീഷിന്റെ മടങ്ങിവരവോടെ ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ഭിന്നത തലപൊക്കി. രാഷ്‌ട്രീയ ലോക്സമതാ പാർട്ടി (ആർഎൽഎസ്‌പി), ഹിന്ദുസ്‌ഥാനി ആവാം മോർച്ച (എച്ച്‌എഎം–സെക്യുലർ) എന്നിവയാണു ഭിന്നത പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം 27 മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌തപ്പോൾ ഇരുപാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചിരുന്നില്ല.

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ പാർട്ടിയായ ആർഎൽഎസ്‌പിക്കു രണ്ട് എംഎൽഎമാരുണ്ട്. ഇതിലൊരാളുടെ പേരു നൽകിയെങ്കിലും നിതീഷിനു താൽപര്യമില്ലാത്തതിനാൽ പരിഗണിച്ചില്ലെന്നാണു പരാതി. മുൻ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിയാണ് എച്ച്‌എഎമ്മിന്റെ ഏക എംഎൽഎ. മന്ത്രിയാകാൻ താൽപര്യമില്ലാത്തതിനാൽ മാഞ്ചി മറ്റൊരു നേതാവിന്റെ പേരു നൽകിയിരുന്നു.

നിയമസഭാംഗമല്ലെന്ന പേരിൽ ഇതും പരിഗണിച്ചില്ല. കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസിനെ നിയമസഭാംഗമല്ലാഞ്ഞിട്ടും മന്ത്രിയാക്കാൻ നിതീഷ് മടിച്ചില്ലെന്നാണു മാഞ്ചിയുടെ പരാതി. ജെഡിയു എൻഡിഎയിൽ മടങ്ങിയെത്തിയതോടെ തങ്ങളുടെ പ്രധാന്യം നഷ്‌ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇരുപാർട്ടികളും. എന്നാൽ, എട്ടു മന്ത്രിസ്‌ഥാനങ്ങൾ കൂടി ബാക്കിയുണ്ടെന്നും ഇതു നികത്തുന്നതോടെ പരാതികൾ പരിഹരിക്കപ്പെടുമെന്നുമാണ് എൻഡിഎ നേതൃത്വം പറയുന്നത്.

ആർജെഡിയുടെ ഹർജി തള്ളി

പട്‌ന∙ ബിജെപി സഖ്യവുമായി ചേർന്ന് നിതീഷ് കുമാർ ബിഹാറിൽ സർക്കാർ രൂപീകരിച്ചതിനെതിരെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഏറ്റവും വലിയ കക്ഷിയായ ആർജെഡിയെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യംചെയ്‌ത് ആർജെഡി എംഎൽഎമാരായ സരോജ് യാദവ്, ചന്ദൻ വർമ, സമാജ്‌വാദി പാർട്ടി പ്രവർത്തകൻ ജിതേന്ദ്ര കുമാർ എന്നിവർ സമർപ്പിച്ച ഹർജിയാണു തള്ളിയത്.

നിയമസഭയിൽ സർക്കാർ വിശ്വാസ വോട്ടു നേടിയതിനാൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നു ചീഫ് ജസ്‌റ്റിസ് രാജേന്ദ്ര മേനോൻ, ജസ്‌റ്റിസ് എ.കെ.ഉപാധ്യായ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.

related stories