Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

122 എംഎൽഎമാർ ഒപ്പമെന്ന് ദിനകരൻ; അണ്ണാ ഡിഎംകെ പുകയുന്നു

TTV Dinakaran ടി.ടി.വി. ദിനകരൻ

ചെന്നൈ ∙ പാർട്ടി നേതൃത്വത്തിൽനിന്നു ശശികല കുടുംബത്തെ മാറ്റിനിർത്താനുള്ള എടപ്പാടി പളനിസാമി പക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ ടി.ടി.വി.ദിനകരൻ വിഭാഗം പരസ്യ നിലപാടെടുത്തതോടെ അണ്ണാ ഡിഎംകെയിലെ അധികാരത്തർക്കം രൂക്ഷമായി. 122 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും തന്നെ ആർക്കും നേതൃത്വത്തിൽനിന്നു മാറ്റിനിർത്താനാവില്ലെന്നും ദിനകരൻ പ്രഖ്യാപിച്ചു. ബെംഗളുരു ജയിലിൽ ശശികലയെ സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ദിനകരനെ വിമർശിക്കുന്നതു തുടർന്നാൽ മന്ത്രി ഡി. ജയകുമാർ പാർട്ടിയിലും സർക്കാരിലുമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ദിനകരന്റെ വിശ്വസ്തൻ വെട്രിവേൽ രംഗത്തെത്തി. താൻ പറയുന്നതു വ്യക്തിപരമായ അഭിപ്രായങ്ങളല്ലെന്നും പാർട്ടിയുടേതാണെന്നും ജയകുമാർ തിരിച്ചടിച്ചു. ദിനകരനെ അംഗീകരിക്കുന്നില്ലെന്ന വ്യക്തമായ സൂചന നൽകി മുഖ്യമന്ത്രി എടപ്പാടി പളനിസാമി പാർട്ടി ആസ്ഥാനത്ത് എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം വിളിച്ചു. പാർട്ടിയും സർക്കാരും എടപ്പാടിക്കു പിന്നിൽ ഒറ്റക്കെട്ടാണെന്നു യോഗത്തിനു ശേഷം മന്ത്രി ഡി.ജയകുമാർ പ്രഖ്യാപിക്കുകയും ചെയ്തു.

ദിനകരന്റെ മടങ്ങിവരവിനു മുൻപ് പാർട്ടിയിലെ ലയനം യാഥാർഥ്യമാക്കാൻ പളനിസാമി, പനീർസെൽവം വിഭാഗങ്ങൾക്ക് ആഗ്രഹമുമണ്ട്. ബിജെപി കേന്ദ്ര നേതൃത്വവും ഈ നിർദേശം ഇരുവിഭാഗത്തിനും മുൻപിൽ വച്ചിട്ടുണ്ട്. എന്നാൽ, ഏറെ ചർച്ചകൾക്കു ശേഷവും ഒത്തുതീർപ്പു ഫോർമുല കണ്ടെത്താൻ ഇരുകൂട്ടർക്കുമായിട്ടില്ല.