Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടം: ആന്ധ്രയിൽ നാലു സ്പെയിൻകാർ മരിച്ചു

ചിറ്റൂർ (ആന്ധ്രപ്രദേശ്) ∙ വിദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചു നാലു സ്പാനിഷ് പൗരന്മാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ആറുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടു സ്ത്രീകളും വാൻ ഡ്രൈവറും ഉൾപ്പെടുന്നു. സ്പെയിനിലെ റൂറൽ ഡവലപ്മെന്റ് ട്രസ്റ്റ് ആന്ധ്രയിലെ അനന്തപുരമു ജില്ലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കാണാനെത്തിയെ 10 വിദേശികളും ഡ്രൈവറുമായിരുന്നു ബസിലുണ്ടായിരുന്നത്. അവിടെനിന്നു പുതുച്ചേരിയിലേക്കുള്ള യാത്രാമധ്യേ മദനപള്ളി–പുങ്കനുരു പാതയിലെ വളവിലാണ് അപകടം. ട്രക്ക് ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടു വാനിലിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പരുക്കേറ്റവരെ ബെംഗളൂരുവിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്കു മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു. ന്യൂഡൽഹിയിലെ സ്പെയിൻ എംബസിയുമായി ബന്ധപ്പെട്ടു മരിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിന് എല്ലാ സഹായവും എത്തിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.