Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുഴഞ്ഞുകയറ്റശ്രമം തകർത്തു; 6 ഭീകരരെ വധിച്ചു

Jammu Kashmir security

ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീരിൽ നിന്നു നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു പേരും സൈന്യത്തിനു നേരെ ഏറ്റുമുട്ടിയ ലഷ്കറെ തയിബ പ്രവർത്തകനുമടക്കം ആറു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ മാച്ചിൽ മേഖലയിലാണു നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.

പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണു പാക്കിസ്ഥാനിൽ നിന്നുള്ള ലഷ്കറെ തയിബ ഭീകരൻ ഉമർ കൊല്ലപ്പെട്ടത്. ജൂലൈ 10ന് അമർനാഥ് തീർഥാടകർക്കു നേരെ ആക്രമണം നടത്തിയ കശ്മീരിലെ അബു ഇസ്മായിൽ വിഭാഗത്തിൽ പെട്ടയാളാണു കൊല്ലപ്പെട്ട ഉമർ. ആക്രമണത്തിൽ എട്ടു തീർഥാടകർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സാംബൂറ ഗ്രാമത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേസമയം, ശ്രീനഗർ–മുസഫറാബാദ് റോഡിലൂടെ ആഴ്ച തോറുമുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ഒരാഴ്ചയായി ഇതു നിലച്ചിരിക്കുകയായിരുന്നു. ഈ റൂട്ടിലൂടെയുള്ള വ്യാപാരം ഇന്നു പുനരാരംഭിക്കും.

പാക്ക് അധീനതയിലുള്ള കശ്മീരിൽ നിന്നുള്ള അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു ബസ് സർവീസ് വീണ്ടും തുടങ്ങിയത്.