Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുർ: സർക്കാർ സൃഷ്ടിച്ച ദുരന്തമെന്നു രാഹുൽ ഗാന്ധി

Rahul Gandhi ഗോരഖ്പുർ സന്ദർശിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടു സംസാരിക്കുന്നു. ഗുലാം നബി ആസാദ്, രാജ് ബബ്ബർ തുടങ്ങിയവർ സമീപം. ചിത്രം പിടിഐ.

ഗോരഖ്പുർ (യുപി)∙ പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ഗോരഖ്പുർ ആശുപത്രി ദുരന്തം സംസ്ഥാന സർക്കാർ സൃഷ്ടിച്ച ദുരന്തമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം ഒതുക്കിത്തീർക്കുകയല്ല, അതിന്റെ ഉത്തരവാദിത്തം എടുക്കുകയാണു വേണ്ടതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗോരഖ്പുരിൽ മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ ഗ്രാമങ്ങളിലെ വീടുകൾ സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷമാണ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ബിആർഡി മെഡിക്കൽ കോളജും ആശുപത്രിയും താൻ നേരത്തേ സന്ദർശിച്ച് അവിടത്തെ പരിമിതികൾ മനസ്സിലാക്കിയശേഷം വേണ്ട ഫണ്ട് ഉടനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടെന്നും എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.

Rahul Gandhi during his visit to Gorakhpur ഗോരഖ്പുർ സന്ദർശിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടു സംസാരിക്കുന്നു. ചിത്രം പിടിഐ.

‘മോദിജി പുതിയ ഇന്ത്യയെക്കുറിച്ചു വാതോരാതെ പറയുന്നു. ഇത്തരം പുതിയ ഇന്ത്യയല്ല ഞങ്ങൾക്കു വേണ്ടത്. പാവപ്പെട്ടവർക്കു കുഞ്ഞുങ്ങളുമായി പോയി ചികിത്സ കഴിഞ്ഞു സന്തോഷത്തോടെ മടങ്ങിവരാവുന്ന ആശുപത്രികളാണു ഞങ്ങൾക്കു വേണ്ടത്’– രാഹുൽ പറഞ്ഞു.

ഇതേസമയം,‘ഡൽഹിയിലിരിക്കുന്ന യുവരാജ് ഗോരഖ്പുർ പിക്നിക്കിനുള്ള സ്ഥലമാക്കുന്നത് അനുവദിക്കാനാവില്ലെന്ന്’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഹുലിനെ ഉന്നംവച്ചു പറ‍ഞ്ഞു. എന്നാൽ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിക്കുകയാണെന്നു യുപിസിസി അധ്യക്ഷൻ രാജ് ബബ്ബാർ തിരിച്ചടിച്ചു. ഇത്തരം തരംതാണ പ്രതികരണത്തിലൂടെ യോഗി ആദിത്യനാഥ് തന്റെ അൽപത്തം വെളിവാക്കുകയാണു ചെയ്തതെന്നും രാജ് ബബ്ബാർ പറഞ്ഞു.