Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസിടിവിയിൽ നിന്നു വ്യക്തം; അവർ ആ പെൺകുട്ടിയെ പിന്തുടർന്നു

vernika-case-vikas വികാസ്, വർണിക

ചണ്ഡിഗഡ് ∙ യുവതിയെ അർധരാത്രി കിലോമീറ്ററുകളോളം പിന്തുടരുകയും തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ്. പ്രദേശത്തെ ആറു സിസിടിവി ക്യാമറകൾ കേടാണെന്നും ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നിലപാടെടുത്തിരുന്ന പൊലീസ്, ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണു നിലപാടു മാറ്റിയത്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിരേന്ദർ കുണ്ഡുവിന്റെ മകൾ വർണികയെയാണു ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാല (23), സുഹൃത്ത് ആശിഷ് കുമാർ (27) എന്നിവർ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്.

അഞ്ചു ദൃശ്യങ്ങളാണ് കണ്ടെടുത്തത്. യുവതിയെ വികാസും ആശിഷും പിന്തുടരുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.

∙ വെള്ളി, അർധരാത്രി 12:00

ആളെ അറിഞ്ഞപ്പോൾ പൊലീസിന്റെ മട്ടു മാറി

ഡിജെ ആയി ജോലി ചെയ്യുന്ന വർണിക വെള്ളി രാത്രി പന്ത്രണ്ടിന് പഞ്ച്കുലയിലെ വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. പെൺകുട്ടി ഒറ്റയ്ക്കു കാറോടിച്ചു പോകുന്നതു കണ്ട വികാസും ആശിഷും അര മണിക്കൂറോളം പിന്തുടർന്നു. ഇതിനിടെ യുവതി ഫോണിൽ പൊലീസിൽ പരാതിപ്പെട്ടു.

യുവാക്കൾ കാർ നിർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി ഇരുവരെയും പിടികൂടി. ബിജെപി അധ്യക്ഷന്റെ മകനാണെന്നറിഞ്ഞതോടെ കേസ് ഒതുക്കിത്തീർക്കാനായി ശ്രമങ്ങൾ. പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കാൻ ബിജെപി നേതാക്കളടക്കം ശ്രമിച്ചു.

∙ ബിജെപി നേതാവ് ചോദിച്ചു:
പെൺകുട്ടികൾ പുറത്തിറങ്ങുകയോ?

സംഭവം ഉണ്ടായപ്പോൾ ആദ്യ ദിവസം ഹരിയാന ബിജെപി ഉപാധ്യക്ഷൻ രാംവീർ ഭാട്ടിയ നടത്തിയ പ്രതികരണം ഇങ്ങനെ: ‘അർധരാത്രി 12 മണിക്കു യുവതി പുറത്തുപോകാൻ പാടില്ല. ആ സമയത്തെ സാഹചര്യങ്ങൾ തീരെ ശരിയല്ല. നമ്മുടെ സുരക്ഷ നാം തന്നെ നോക്കേണ്ടതാണ്’.

∙ മോശക്കാരിയാക്കാൻ വ്യാജചിത്രം

സംഭവത്തിനു പിന്നാലെ മഹാരാഷ്ട്ര ബിജെപി വക്താവ് എൻ.സി. ഷൈന ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. വർണികയുടേതെന്ന പേരിൽ അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നതായിരുന്നു ചിത്രം.

വൈകാതെ ചിത്രം വ്യാജമാണെന്നും കണ്ടെത്തി. പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമായി ഷൈനയുടെ പുതിയ ട്വീറ്റ് എത്തി.

∙ അച്ഛൻ പറയുന്നു:
എളുപ്പമല്ല, പക്ഷേ, ഞങ്ങൾ പോരാടും

‘അക്രമികൾ വലിയ സ്വാധീനമുള്ള കുടുംബത്തിൽ നിന്നാണ്. ഇത്തരത്തിലുള്ള പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയോ ശിക്ഷാ നടപടികൾ ഉണ്ടാകാതെ പോവുകയോ ചെയ്യുന്നുണ്ട്. ഞങ്ങൾക്കറിയാം, ഇതൊരു എളുപ്പമുള്ള പോരാട്ടമല്ലെന്ന്’.

വിരേന്ദർ കുണ്ഡു (പെൺകുട്ടിയുടെ അച്ഛൻ – ഫെയ്സ്‌ബുക് പോസ്റ്റ്)

related stories