Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭ ഉയർത്തിപ്പിടിക്കുന്നത് സംവാദം: ഹാമിദ് അൻസാരി

Hamid Ansari

ന്യൂഡൽഹി ∙ ജനാധിപത്യത്തിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കുമുള്ള ഉന്നതസ്ഥാനം ആവർത്തിച്ചുപറഞ്ഞ് രാജ്യസഭാധ്യക്ഷൻ ഹാമിദ് അൻസാരിയുടെ വിടവാങ്ങൽ പ്രസംഗം. 

ഇന്ത്യയുടെ വൈവിധ്യം ആവിഷ്കരിക്കുന്ന ഭരണഘടനയുടെ സൃഷ്ടിയാണു രാജ്യസഭയെന്നും അംഗങ്ങൾ തമ്മിലുള്ള സംവാദമാണ് അതിന്റെ കരുത്തെന്നും ഹാമിദ് അൻസാരി ചൂണ്ടിക്കാട്ടി.

സംവാദവും ചർച്ചകളും മാർഗതടസ്സങ്ങളല്ല, വിവേകപൂർണമായ നടപടികളിലേക്കുള്ള ഒഴിവാക്കാനാവാത്ത പ്രാഥമികഘട്ടമാണ്. ജനാധിപത്യത്തിന്റെ പവിത്രമായ ഈ പ്രമാണത്തെ ഉയർത്തിപ്പിടിക്കുകയാണു രാജ്യസഭ ചെയ്യുന്നത്. തിരക്കുപിടിച്ച നിയമനിർമാണങ്ങൾക്കെതിരെ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. 

ഹോക്കി മാച്ചിലെ റഫറിയെപ്പോലെയോ ക്രിക്കറ്റിലെ അംപയറെപ്പോലെയോ ആണു രാജ്യസഭാധ്യക്ഷൻ. കളിക്കും കളിക്കാർക്കും സാക്ഷി, എന്നാൽ കളിക്കാരനാകുന്നില്ല–അൻസാരി പറഞ്ഞു. അൻസാരിയുടെ സഭയിലെ സേവനങ്ങളെ പുകഴ്‌ത്തിയ അംഗങ്ങൾ, ചോദ്യവേളയുടെ സമയം രാവിലെ 11 മുതൽ 12 വരെയാക്കിയതു ഗുണകരമായെന്നും പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്.രാധാകൃഷ്ണനിൽനിന്നുള്ള ഉദ്ധരണികൾ പ്രസംഗത്തിൽ നിറഞ്ഞുനിന്നു. എസ്.രാധാകൃഷ്ണനു ശേഷം രണ്ടുവട്ടം ആ സ്ഥാനത്തിരിക്കുന്ന ആദ്യ വ്യക്തിയാണ് അൻസാരി.