Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരനെതിരെ പളനിസാമി പക്ഷത്തിന്റെ പ്രമേയം; പനീർസെൽവവുമായി ലയനധാരണ

ചെന്നൈ∙ ടി.ടി.വി.ദിനകരനെയും ശശികല പക്ഷത്തെയും പൂർണമായി തഴഞ്ഞ് അണ്ണാ ഡിഎംകെയിലെ പളനിസാമി, പനീർസെൽവം പക്ഷങ്ങൾ കൈകോർക്കുന്നു. ദിനകരനെ തള്ളിപ്പറഞ്ഞ് പളനിസാമി പക്ഷം പ്രമേയം പാസാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വഞ്ചകനെന്നു വിശേഷിപ്പിച്ച് ദിനകരൻ നിലപാട് കടുപ്പിച്ചതോടെ സർക്കാരിന്റെ നിലനിൽപ്പനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ‘‘ജയലളിത കാണിച്ച വഴിയിൽ പോയാൽ സർക്കാർ നിലനിൽക്കും. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം’’– ദിനകരൻ പറഞ്ഞു.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പനീർസെൽവവും പളനിസാമിയും ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ കാണും. ഇരുവരും തിരിച്ചെത്തിയ ശേഷം ഔദ്യോഗിക ലയനപ്രഖ്യാപനമുണ്ടായേക്കും.

ഇതിനിടെ, ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയായി അംഗീകരിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ഇരുവിഭാഗത്തിനും ആശ്വാസമായി. പരസ്പരം ചോദ്യം ചെയ്തു തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ പരാതികൾ പിൻവലിച്ചാൽ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ലയന ശേഷം ഇവർക്കു ലഭിച്ചേക്കും.

അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാസാക്കിയ പ്രമേയമാണു ലയനത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ടി.ടി.വി.ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി നിയമാവലിക്കു വിരുദ്ധമാണെന്നായിരുന്നു യോഗം ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം. പ്രമേയത്തെ സ്വാഗതം ചെയ്ത പനീർസെൽവം ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.

ലയന ഫോർമുല സംബന്ധിച്ച് ഇരുപക്ഷങ്ങളും തമ്മിൽ ധാരണയായതായാണു സൂചന. ഇതുപ്രകാരം മുഖ്യമന്ത്രി സ്ഥാനത്ത് എടപ്പാടി തുടരും. പനീർസെൽവം ഉപമുഖ്യമന്ത്രിയും പാർട്ടിയുടെ ഏഴംഗ സ്റ്റിയറിങ് കമ്മിറ്റിയുടെ തലവനുമാകും. എന്നാൽ, ഫോർമുല മാധ്യമ ഭാവന മാത്രമാണെന്നായിരുന്നു പനീർസെൽവം പക്ഷത്തെ ഒരു നേതാവിന്റെ പ്രതികരണം.