Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറുപ്പുചീട്ട് ഇറക്കാൻ ദിനകരൻ; ഏറ്റാൽ എടപ്പാടി സർക്കാർ വീഴും

ttv-dinakaran-edappadi-palaniswami ടി.ടി.വി. ദിനകരൻ, എടപ്പാടി പളനിസാമി

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾക്കും അനഭിമതനായെങ്കിലും ടി.ടി.വി.ദിനകരൻ രണ്ടും കൽപിച്ചിറങ്ങിയാൽ തമിഴ്നാട്ടിലെ എടപ്പാടി പളനിസാമി സർക്കാരിന്റെ ഭാവി തു‌‌ലാസിലാകും. ഇരുപതോളം എംഎൽഎമാർ ദിനകരനൊപ്പമുണ്ടെന്നാണു സൂചന. ഇവർ പാലംവലിച്ചാൽ പളനിസാമി–പനീർസെൽവം ലയനത്തിനും സർക്കാരിനെ രക്ഷിക്കാനാകില്ല. 

എംജിആർ ജന്മശതാബ്ദി ആഘോഷത്തിനു ദിനകരൻ പ്രഖ്യാപിച്ച സംസ്ഥാന പര്യടനം നാളെ മധുരയിലെ മേലൂരിൽ തുടങ്ങുമ്പോൾ എത്ര എംഎൽഎമാർ പങ്കെടുക്കുമെന്നതു നിർണായകമാകും. എംജിആർ, ജയലളിത, ശശികല എന്നിവർക്കൊപ്പം ദിനകരന്റെ മാത്രം ചിത്രമുൾപ്പെടുത്തിയുള്ള പരസ്യം ഇന്നലെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 

പാർട്ടിയിലെ ഭൂരിഭാഗവും തള്ളിപ്പറഞ്ഞിട്ടും ‌ദിനകരൻ പ്രബലനായി തുടരാനുള്ള കാരണങ്ങൾ ഇവയാണ്; സർക്കാരിനെ മറിച്ചിടാൻ മാത്രം എംഎൽഎമാർ ഇപ്പോഴും ഒപ്പമുണ്ട്, പാർട്ടി സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാൺ ഇപ്പോഴും ശശികല കുടുംബത്തിന്റെ കയ്യിലാണ്, ദിനകരനും ശശികലയുടെ സഹോദരൻ ദിവാകരനും അഭിപ്രായ വ്യത്യാസങ്ങൾ ‌മറന്നതോടെ മന്നാർഗുഡി സംഘം ഒറ്റക്കെട്ടായി. 

ദിനകരനൊപ്പമുള്ള എംഎൽഎമാരുടെ കൃത്യമായ കണക്കു വ്യക്തമല്ല. കഴിഞ്ഞയാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ച പാർട്ടി ഭാരവാഹിപ്പട്ടികയിൽ 20 പേരുണ്ടായിരുന്നു. ഇതിൽ രണ്ടു പേർ മാത്രമാണു പദവി നിരസിച്ചത്. ശേഷിക്കുന്നതു 18 എംഎൽഎമാർ. 

പളനിസാമിക്കു കീഴിൽ ഗൗണ്ടർ വിഭാഗത്തിന്റെ സമഗ്രാധിപത്യമാണെന്ന അതൃപ്തി മുതലെടുത്തു കൂടുതൽ പേരെ അടർത്തിമാറ്റാനും ശ്രമം നടക്കുന്നു. ദിനകരനും പനീർസെൽവവും തേവർ വിഭാഗത്തിൽനിന്നുള്ളവരാണ്. 

ഇവർ ജാതിസമവാക്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും നിർണായകമാകും. 234 അംഗസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 സീറ്റ്. അണ്ണാ ഡിഎംകെ അംഗങ്ങൾ 134. പനീർസെൽവം പക്ഷം –10, പളനിസാമി പക്ഷം (ദിനകരൻ അനുകൂലികൾ ഉൾപ്പെടെ) – 124.