Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കേസ്: കാർത്തി ചിദംബരം സിബിഐ മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി

karti-chidambaram കാർത്തി ചിദംബരം

ന്യൂഡൽഹി∙ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനു സിബിഐ മുൻപാകെ ഹാജരാകാൻ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനു സുപ്രീം കോടതിയുടെ നിർദേശം. കാർത്തി വിദേശത്തുപോകുന്നതു തടയുന്നതായും ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

കാർത്തിക്കെതിരെ കേന്ദ്ര സർക്കാർ ജൂൺ 16നു പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ കഴിഞ്ഞയാഴ്‌ച മദ്രാസ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്താണ് കേസ് ? ചിദംബരം ധനമന്ത്രിയായിരിക്കെ, 2007ൽ, ഐഎൻഎക്‌സ് മീഡിയ എന്ന സ്‌ഥാപനത്തിന് വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കുന്നതിന് വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡ് അനുമതി നൽകി.

അതിന് കാർത്തി ചിദംബരത്തിന് 3.5 കോടി രൂപ കോഴ ലഭിച്ചെന്നാണ് സിബിഐയുടെ കേസ്. അഡ്വാന്റേജ് സ്‌ട്രാറ്റജിക് കൺസൽറ്റിങ് എന്ന സ്‌ഥാപനം വഴിയാണത്രേ കോഴ ലഭിച്ചത്. ഈ സ്‌ഥാപനത്തിന്റെ ഡയറക്‌ടർമാരായ സിബിഎൻ റെഡ്‌ഡി, രവി വിശ്വനാഥൻ, മോഹനൻ രാജേഷ്, എസ്.ഭാസ്‌കരരാമൻ എന്നിവരാണ് കൂട്ടുപ്രതികൾ.

തന്റെ മന്ത്രിസ്‌ഥാനം ഉപയോഗിച്ച് ആരും അഴിമതി നടത്തിയിട്ടില്ലെന്നും കേസ് രാഷ്‌ട്രീയപ്രേരിതമെന്നുമാണ് ചിദംബരത്തിന്റെ നിലപാട് . സിബിഐ ചെയ്‌തത് എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തത് കഴിഞ്ഞ മേയ് 15ന്. ജൂൺ 29ന് അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ഹാജരാവണമെന്ന് ജൂൺ 15നു നോട്ടിസ്. പിറ്റേന്നുതന്നെ ലുക്കൗട്ട് നോട്ടിസുമിറക്കി. കാർത്തി ആവശ്യപ്പെട്ടതനുസരിച്ച്, ജൂലൈ 21നു ഹാജരാകാൻ സിബിഐ തീയതി പുതുക്കി നൽകി. കാർത്തി ഹാജരായില്ല.

കാർത്തിയുടെ വാദം ലുക്കൗട്ട് നോട്ടിസ് ഉണ്ടെന്ന് അറിഞ്ഞതുതന്നെ ജൂലൈ 21നു ശേഷമാണ്. ഹാജരാകാൻ നിർദേശിച്ചതിന്റെ പിറ്റേന്നുതന്നെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയത് പ്രഥമദൃഷ്‌ട്യാതന്നെ അംഗീകരിക്കാനാവില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി അതു മരവിപ്പിച്ചത്. വിദേശത്തേക്കു പോകാനുള്ള മൗലികാവകാശമാണു നിഷേധിച്ചിരിക്കുന്നത്. നാളെ യുകെയിലേക്കു പോകാൻ ടിക്കറ്റെടുത്തിട്ടുണ്ട്. സിബിഐയുടെ വാദം കാർത്തി വിദേശത്തേക്കു പോകുന്നതു തടയാനാണ് ലുക്കൗട്ട് നോട്ടിസ് നൽകിയത്; അറസ്‌റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടല്ല.

കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത് ഡൽഹിയിലാണ്. നോട്ടിസ് മരവിപ്പിക്കാൻ മദ്രാസ് ഹൈക്കോടതിക്ക് അധികാരമില്ല. വാദങ്ങൾ കേട്ടശേഷം കോടതി പറഞ്ഞത് കാർത്തി അന്വേഷണവുമായി സഹകരിക്കണം. അതുവരെ വിദേശത്തു പോകരുത്. കേസിലുൾപ്പെടുന്നവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ എന്താവും സ്‌ഥിതി? പലരും നേരത്തെ വിദേശയാത്രയ്‌ക്ക് അനുമതി നേടിയിട്ട് മടങ്ങിവരാത്ത ദുരനുഭവമുണ്ട്. ആദ്യം അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ഹാജരാകണം.

ലുക്കൗട്ട് നോട്ടിസിൽ പിഴവില്ല. കേസിലുൾപ്പെടുന്നവർ നാടുവിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അന്വേഷകരുടെ ഉത്തരവാദിത്തമാണ്. അറസ്‌റ്റ് ചെയ്യുമെന്ന് അവർ പറഞ്ഞിട്ടില്ല. എഫ്‌ഐആർ റദ്ദാക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി നിയമാനുസൃതം തീർപ്പാക്കണം. എഫ്‌ഐആർ റദ്ദാക്കിയാൽ വേറെ കാര്യം. അല്ലെങ്കിൽ അന്വേഷണം നേരിടണം. എഫ്‌ഐആർ റദ്ദാക്കപ്പെട്ടാൽ അന്വേഷണം മാറ്റിവയ്‌ക്കാം. പക്ഷേ, വിദേശത്തേക്കു പോകരുത്, അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ഹാജരാകണം. കേസ് വീണ്ടും 18നു പരിഗണിക്കും.