Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക് സർക്കാറിന്റെ സ്വാതന്ത്ര്യദിന സന്ദേശം മുക്കി ദൂരദർശനും ആകാശവാണിയും

Manik Sarkar

ന്യൂഡല്‍ഹി ∙ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറിന്റെ സ്വാതന്ത്ര്യദിന സന്ദേശം ദൂരദർശനും ആകാശവാണിയും (എഐആർ) റിക്കോർഡ് ചെയ്‌തശേഷം മുക്കി. ഉള്ളടക്കം പരിഷ്‌കരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിനെ തുടർന്നാണു നടപടി. അടിയന്തരാവസ്‌ഥക്കാലത്തെക്കാൾ ഭീകരമാണു നടപടിയെന്നും ബിജെപി ഇതര സർക്കാരുകൾ ഇതിനെതിരെ രംഗത്തുവരണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

∙ അഗർത്തലയിൽ സംഭവിച്ചത്

കഴിഞ്ഞ 12ന് ആണു മുഖ്യമന്ത്രിയുടെ സന്ദേശം റിക്കോർഡ് ചെയ്‌തത്. ഉള്ളടക്കം സംബന്ധിച്ചു പ്രസാർ ഭാരതി മേധാവികളുമായി ചർച്ച നടത്തിയെന്നും പ്രക്ഷേപണ, സംപ്രേഷണ യോഗ്യമല്ലെന്നാണു വിലയിരുത്തലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. സന്ദേശം പരിഷ്‌കരിക്കാൻ തയാറാകണമെന്നും അഭ്യർഥിച്ചു. എന്നാൽ, തിരുത്തൽ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി.

∙ മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞത്

രാജ്യത്തു മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നതകളുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ആക്രമിക്കപ്പെടുന്നു. കേന്ദ്രനയങ്ങൾ കാരണം ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലാണ്. ലക്ഷക്കണക്കിനു പേർക്കു തൊഴിൽ നഷ്‌ടപ്പെടുന്നു. കോർപറേറ്റുകളുടെ കൊള്ളലാഭത്തിനു വഴിവയ്‌ക്കുന്ന സാമ്പത്തിക നയങ്ങൾ മാറ്റണം.

∙ സിപിഎം പ്രതികരണം

അടിയന്തരാവസ്‌ഥക്കാലത്തെ പത്ര സെൻസർഷിപ്പിനെ ഓര്‍മിപ്പിക്കുന്ന നടപടി. ആർഎസ്‌എസ് മേധാവിയുടെ ജന്മാഷ്‌ടമി സന്ദേശം ലൈവ് ടെലികാസ്‌റ്റ് ചെയ്യുന്ന കാലത്താണു മുഖ്യമന്ത്രിയുടെ സന്ദേശം ഒഴിവാക്കുന്നത്.