Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ കോൺഗ്രസ് – എൻസിപി ബന്ധം മുറിയുന്നു

അഹമ്മദാബാദ് ∙ രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേലിനെ ജയിപ്പിച്ച ആ ഒറ്റ അധിക വോട്ട് ആരുടേത്? അതൊരിക്കലും പുറത്തറിയില്ലെങ്കിലും ആ ഒറ്റ വോട്ടിൽ തട്ടി വിള്ളൽ വീഴുന്നതു കോൺഗ്രസ്–എൻസിപി ബന്ധത്തിൽ. എല്ലാ പ്രതിപക്ഷ പാർട്ടികളെയും പങ്കെടുപ്പിച്ചു െസപ്റ്റംബർ ആദ്യം ഗുജറാത്ത് വൽസാദ് ജില്ലയിലെ പർഡിയിൽ കോൺഗ്രസ് നടത്താനിരിക്കുന്ന കർഷക മഹാസമ്മേളനത്തിലേക്ക് എൻസിപിക്കു മാത്രം ക്ഷണമില്ല.

വിജയിക്കാനാവശ്യമായ 44 വോട്ടിൽ 43 വോട്ട് മാത്രം കൈയിലുള്ള കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് ഫോട്ടോഫിനിഷ് വിജയം നൽകിയത് ആ ഒറ്റ വോട്ടാണ്. അതു ചെയ്തത് ഐക്യ ജനതാദൾ എംഎൽഎയായ ചോട്ടുഭായ് വാസവയാണോ അതോ എൻസിപിയുടെ ജയന്ത് പട്ടേലാണോ എന്നതിന്റെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. സ്വന്തം പാർട്ടി ബിജെപി പാളയത്തിലേക്കു പോയതിനെ നഖശിഖാന്തം എതിർക്കുന്ന താനാണ് ആ വോട്ട് ചെയ്തതെന്നു വാസവ ആവർത്തിച്ചു വ്യക്തമാക്കുന്നു.

തങ്ങളുടെ രണ്ട് എംഎൽഎമാരിൽ ഒരാൾ കോൺഗ്രസിനു വോട്ട് ചെയ്തെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ തന്നെ ഇന്നലെ ആദ്യമായി വെളിപ്പെടുത്തി. എൻസിപിയുടെ കാന്ധൽ ജഡേജ ബിജെപിക്കു വോട്ട് ചെയ്തെന്ന് വോട്ടെണ്ണൽ ദിവസം തന്നെ വ്യക്തമായിരുന്നു.

എന്നാൽ വോട്ടെടുപ്പിന്റെ തലേന്നുകൂടിയും എൻസിപി നേതാവ് പ്രഫുൽ പട്ടേൽ തന്നെ വിളിച്ചു ബിജെപിക്കു വോട്ട് ചെയ്യണമെന്ന സൂചനയോടെ സംസാരിച്ചതായി വാസവ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പവാറിന്റെ പ്രസ്താവനകൂടി വന്നതോടെ ആ ഒറ്റ അധികം വോട്ടിന്റെ കാര്യത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്.

എൻസിപിയുടെ വോട്ട് തങ്ങൾക്കു ലഭിച്ചില്ലെന്ന കാരണത്താൽ കോൺഗ്രസ്–എൻസിപി ദേശീയ നേതൃത്വത്തിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഓഗസ്റ്റ് 11നു കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ കൂടിയാലോചനാ യോഗത്തിൽ നിന്ന് എൻസിപി വിട്ടുനിന്നിരുന്നു. എന്നാൽ, എൻസിപി ഇപ്പോഴും പ്രതിപക്ഷത്തിനൊപ്പമാണെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

അതേസമയം, സെപ്റ്റംബർ ആദ്യം നടക്കാനിരിക്കുന്ന കർഷക മഹാസമ്മേളനത്തിലേക്ക് എൻസിപിക്കു ക്ഷണം ലഭിക്കാത്തത് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ തുടരുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇതുവരെ സമ്മേളനം സംബന്ധിച്ച് കോൺഗ്രസിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു സംസ്ഥാന എൻസിപി അധ്യക്ഷൻ കൂടിയായ ജയന്ത് പട്ടേൽ വ്യക്തമാക്കി.

2007, 2012 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നണിയായി മത്സരിച്ചതാണ് കോൺഗ്രസും എൻസിപിയും.