Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ ട്രെയിൻ പാളം തെറ്റി 23 മരണം; അട്ടിമറി?

Muzaffarnagar: Coaches of the Puri-Haridwar Utkal Express train after it derailed in Khatauli near Muzaffarnagar on Saturday.

ലക്നൗ ∙ ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി 23 പേർ മരിച്ചു; അൻപതിലേറെ പേർക്കു പരുക്കേറ്റു. സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്ന സംശയത്തെ തുടർന്നു ഭീകരവിരുദ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പുരിയിൽനിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കു പോകുകയായിരുന്ന ഉത്കൽ എക്സ്പ്രസിന്റെ 14 കോച്ചുകളാണു പാളംതെറ്റിയത്. അപകടത്തിന്റെ ആഘാതത്തിൽ ഒരു കോച്ച് മറ്റുള്ളവയ്ക്കു മുകളിൽ കയറിയ നിലയിലാണ്. ഒരെണ്ണം സമീപത്തെ വീട്ടിലേക്കും ഇടിച്ചുകയറി. ന്യൂഡൽഹിയിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള ഖട്ടൗലി സ്റ്റേഷനിൽ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

ട്രെയിൻ സ്റ്റേഷനിൽ നിന്ന് എടുത്തയുടൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ചതും പാളത്തിന്റെ വശങ്ങൾ അറ്റകുറ്റപ്പണിക്കു ശേഷം മണ്ണിട്ടു പൂർവസ്ഥിതിയിലാക്കാത്തതും അപകടത്തിലേക്കു നയിച്ചതായി സൂചനയുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശാനുസരണം, ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ രണ്ടു യൂണിറ്റുകൾ സ്ഥലത്തെത്തി. കേന്ദ്ര മന്ത്രിമാരായ സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ തുടങ്ങിയവരെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശാനുസരണം രണ്ടു സംസ്ഥാന മന്ത്രിമാരും സ്ഥലത്തെത്തി.

രക്ഷാപ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിൽ അറിയിച്ചു. പിഴവുകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക‌ു റെയിൽവേ മൂന്നരലക്ഷം രൂപ വീതം നൽകും. ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുകൾ ഉള്ളവർക്ക് 25,000 രൂപയും പ്രഖ്യാപിച്ചു.