Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയനത്തിനൊപ്പം ശശികലയെ നീക്കാനും അണ്ണാ ഡിഎംകെയിൽ ധാരണ

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളുടെ ഔദ്യോഗിക ലയന പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി പാർട്ടി ആസ്ഥാനത്ത് ‌എംഎൽഎമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗം വിളിച്ചു. ശശികലയെ ജനറൽ സെക്രട്ടറി പദവിയിൽനിന്നു നീക്കുന്ന പ്രമേയം പാസാക്കുമെന്നാണു സൂച‌ന. ഇതിനായി ജനറൽ സെക്രട്ടറി പദവി ജയലളിതയുടെ സ്മരണയ്ക്കു സമർപ്പിക്കും. പകരം പാർട്ടിയെ നിയന്ത്രിക്കാൻ ഉന്നതതല സമിതി ‌രൂപീകരിക്കും. മുൻ മുഖ്യമന്ത്രി പനീർസെൽവമാകും സമിതി ചെയർമാൻ. ലയന പ്രഖ്യാപനത്തിനുശേഷം പളനിസാമി– പനീർസെൽവം പക്ഷങ്ങൾ പാർട്ടി ആസ്ഥാനത്തു യോഗം േചരുമെന്നും സൂചനയുണ്ട്.

ശശികലയെ പുറത്താക്കാതെ ലയനത്തിനില്ലെന്ന കടുത്ത നിലപാടിൽ പനീർസെൽവം പക്ഷത്തെ ചില പ്രമുഖർ ഉറച്ചു നിൽക്കുകയാണ്. അതേസമയം, ജനറൽ സെക്രട്ടറിയെ തീരുമാനിക്കാനുള്ള അധികാരം പാർട്ടി ഭരണഘടനപ്രകാരം പ്രവർത്തകർക്കാണ്. ‌അതിനാൽ, എംഎൽഎമാരും ജില്ലാ സെക്രട്ടറിമാരും മാത്രം യോഗം ചേർന്നു തീരുമാന‌മെടുത്താൽ അതു നിയമയുദ്ധത്തിലേക്കു നീങ്ങിയേക്കും. ബിജെപി അധ്യക്ഷൻ അമിത് ഷാ നാളെ സംസ്ഥാന പര്യടനത്തിനെത്തുന്നതിനു മുൻപു ലയന പ്രഖ്യാപനമുണ്ടാകണമെന്ന ശക്തമായ സമ്മർദത്തെത്തുടർ‌ന്നു കഴിഞ്ഞ ദിവസം ഇരുപക്ഷത്തെയും പ്രമുഖർ കൂടിക്കാഴ്ച നട‌‌ത്തിയിരുന്നു. ‍