Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശ്രീജൻ കുംഭകോണം’: പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

പട്‌ന∙ ബിഹാറിൽ സർക്കാർ ഫണ്ടിൽ നിന്ന് 871 കോടിയോളം രൂപ സർക്കാരേതര സംഘടന തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിഞ്ഞ പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഭഗൽപ്പൂരിൽ ക്ഷേമവകുപ്പിൽ അക്കൗണ്ടന്റായ മഹേഷ് മണ്ഡലിന്റെ (57) മരണം കൊലപാതകമാണെന്നും ഉന്നത നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്ത മഹേഷ് മണ്ഡൽ ഞായറാഴ്‌ച ഭഗൽപ്പൂരിൽ ജെഎൽഎൻ മെഡിക്കൽ കോളജിലാണു മരിച്ചത്. വൃക്കരോഗം ബാധിച്ച മഹേഷ് ആഴ്‌ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്‌തിരുന്നതായി ഡിജിപി പി.കെ. താക്കൂർ പറയുന്നു.

ഭഗൽപ്പൂരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ശ്രീജൻ മഹിളാ സഹയോഗ് സമിതിക്കു സർക്കാർ ഫണ്ടുകൾ വകമാറ്റിയതു സംബന്ധിച്ചാണു വിവാദം. സംഘടനയുടെ ഉടമ, അന്തരിച്ച മനോരമ ദേവിയുടെ മകൻ അമിത് കുമാർ, ഭാര്യ പ്രിയാകുമാരി എന്നിവരും അറസ്‌റ്റിലായിട്ടുണ്ട്. വിവിധ ക്രമക്കേടുകളിലൂടെ സർക്കാർ ഫണ്ട് ‘ശ്രീജൻ’ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നും ജില്ലാ മജിസ്‌ട്രേട്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരും ബാങ്ക് ജീവനക്കാരും കൂട്ടുനിന്നെന്നുമാണു സൂചന. സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

മധ്യപ്രദേശിലെ ‘വ്യാപം’ കുംഭകോണത്തേക്കാൾ വലുതാണ് ഈ അഴിമതിയെന്നാണു പ്രതിപക്ഷമായ ആർജെഡി ആരോപിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും മുൻപു ബിജെപി– ജെഡിയു സർക്കാരിനു നേതൃത്വം നൽകിയ കാലയളവിലാണു ‘ശ്രീജൻ കുംഭകോണം’ വ്യാപിച്ചതെന്നും ഇവർക്ക് അഴിമതിയിൽ നേരിട്ടു പങ്കുണ്ടെന്നും ആർജെഡി ആരോപിക്കുന്നു. മഹേഷിന്റെ മരണം കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.