Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോമാംസ നിരോധനം: ‘സ്വകാര്യത’ വിധിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചേക്കും

cattle-ban-beef

ന്യൂഡൽഹി ∙ പശുവിന്റെയും കാളയുടെയും മാംസം കൈവശം വയ്‌ക്കുന്നതു കുറ്റകരമാക്കുന്ന മഹാരാഷ്‌ട്ര നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സ്വകാര്യത മൗലികാവകാശം തന്നെയെന്നുള്ള ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്‌ഥാനത്തിൽ പരിശോധിച്ചേക്കുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു.

1995ലെ മഹാരാഷ്‌ട്ര മൃഗ പരിപാലന (ഭേദഗതി) നിയമത്തിന്റെ 5 (ഡി), 9 (ബി) വകുപ്പുകൾ ബോംബെ ഹൈക്കോടതി കഴിഞ്ഞ വർഷം മേയ് ആറിന് റദ്ദാക്കിയിരുന്നു. മഹാരാഷ്‌ട്രയ്‌ക്കു പുറത്തു കശാപ്പു ചെയ്‌ത പശുവിന്റെയോ കാളയുടെയോ മാംസം കൈവശംവയ്‌ക്കുന്നതു കുറ്റകരമാക്കുന്നതായിരുന്നു 5 (ഡി) വകുപ്പ്. കൈവശമുള്ളത് നിരോധനമുള്ള മൃഗങ്ങളുടേതല്ലെന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതന്റേതാക്കുന്നതായിരുന്നു 9 (ബി) വകുപ്പ്.

ഈ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമെന്നാണു ഹൈക്കോടതി വ്യക്‌തമാക്കിയത്. എന്നാൽ, സംസ്‌ഥാനത്തിനുള്ളിൽ കശാപ്പു ചെയ്യുന്ന പശുവിന്റെയും കാളയുടെയും മാംസം ബോധപൂർവം കൈവശംവയ്‌ക്കുന്നതു നിരോധിക്കുന്ന വകുപ്പുകൾ ഹൈക്കോടതി നിലനിർത്തി. ഫലത്തിൽ, മഹാരാഷ്‌ട്രയിൽ പശുക്കളെയും കാളകളെയും കശാപ്പു ചെയ്യുന്നതിനുള്ള നിരോധനം തുടരുകയാണ്. സ്വകാര്യത മൗലികാവകാശമല്ലാത്തതിനാൽ നിരോധനമുള്ള മൃഗങ്ങളുടെ മാംസം കൈവശം വയ്‌ക്കുന്നതു സ്വകാര്യതയ്‌ക്കുള്ള അവകാശത്തിന്റെ നിഷേധമാണെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണു സർക്കാരിന്റെ ഹർജിയിൽ വ്യക്‌തമാക്കിയിട്ടുള്ളത്.

ഉൽപാദനക്ഷമതയില്ലാത്ത കന്നുകാലികളെപ്പോലും കശാപ്പു ചെയ്യുന്നതിനു നിരോധനമേർപ്പെടുത്തി സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിയുണ്ടെന്നും കഴിഞ്ഞ ദിവസത്തെ സ്വകാര്യതാ വിധിയുടെ പശ്‌ചാത്തലത്തിൽ അതും പരിശോധിക്കണമെന്നും ഹർജിക്കാരിലൊരാൾക്കുവേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചു. കേസ് രണ്ടാഴ്‌ചയ്‌ക്കുശേഷം വീണ്ടും പരിഗണിക്കാമെന്നു ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.