Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമറിന്റെ ആശങ്ക പങ്കുവയ്ക്കുന്നതായി ഇന്ത്യ

modi-and-Aung-San-Suu-Kyi ഒരുമിച്ച് മുന്നോട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂ ചിയ്ക്കൊപ്പം

നയ്‌ചിദോ (മ്യാൻമർ) ∙ റാഖൈൻ സംഭവങ്ങളെക്കുറിച്ചുള്ള മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണു പ്രധാനം. മ്യാൻമറിന്റെ ഐക്യവും വൈവിധ്യവും മാനിക്കുന്ന സമാധാനപൂർണമായ പരിഹാരത്തിന് എല്ലാ കക്ഷികളെല്ലാം ശ്രമിക്കണമെന്നും മോദി പറഞ്ഞു.

റാഖൈൻ പ്രവിശ്യയിൽ നിന്നു രോഹിൻഗ്യ വിഭാഗം മുസ്‌ലിംകൾ പലായനം ചെയ്യുന്നതിനിടെ മ്യാൻമർ സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി, സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഭീകരതയെ നേരിടാനും സുരക്ഷാ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സമുദ്രസുരക്ഷ, വിവരസാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 11 കരാറുകളിൽ ഇന്ത്യയും മ്യാൻമറും ഒപ്പുവച്ചു. പൊലീസ് സ്റ്റേഷനുകളും സൈനിക പോസ്റ്റുകളും ആക്രമിച്ചുവെന്നാരോപിച്ചാണു സുരക്ഷാസേന രോഹിൻഗ്യകൾക്കെതിരെ നടപടിയാരംഭിച്ചത്. ഇതെത്തുടർന്നു രണ്ടാഴ്ചയ്ക്കിടെ 125,000 പേർ ബംഗ്ലദേശിലേക്കു പലായനം ചെയ്തു.

സൈനിക നടപടി ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നു മ്യാൻമർ ആവർത്തിക്കമ്പോഴും രാജ്യാന്തര തലത്തിൽ ഓങ് സാൻ സൂ ചി ഭരണകൂടം സമ്മർദം നേരിടുകയാണ്. മ്യാൻമർ നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യ മനസ്സിലാക്കുന്നുവെന്നു സംയുക്ത പ്രസ്താവനയിൽ മോദി വ്യക്തമാക്കി. ഇന്ത്യയിലുള്ള അനധികൃത രോഹിൻഗ്യകളെ നാടുകടത്തുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നാടുകടത്താനുള്ള തീരുമാനത്തിനെതിരെ അഭയാർഥികൾ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

related stories