Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം: മുംബൈയിൽ പതിമൂന്നുകാരി പ്രസവിച്ചു

x-default

മുംബൈ ∙ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആൺകുഞ്ഞിനു ജന്മംനൽകി. 32 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഈ മാസം ആറിനു സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെങ്കിലും ഗർഭഛിദ്രത്തിലെ അപകടസാധ്യത മൂലം സീസേറിയൻ നടത്തുകയായിരുന്നു. 1.7 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലാണ്.

ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചാൽ സംസ്ഥാന സർക്കാരിനു കൈമാറാനുള്ള നിയമപരമായ നടപടിക്രമങ്ങളിലേക്കു നീങ്ങും. ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ശരീരഭാരം വർധിക്കുന്നതു കണ്ടു ചികിത്സ തേടിയപ്പോഴാണു ഗർഭവിവരം മാതാപിതാക്കൾ അറിയുന്നത്.

കുട്ടിയുടെ അച്ഛന്റെ ജോലിക്കാരനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതു ശിക്ഷാർഹമായതിനാലാണു സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ, മറ്റൊരു സംഭവത്തിൽ ഹൃദയ തകരാറുള്ള യുവതിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഗർഭസ്ഥ ശിശുവിന്റെ നിലയും ആശങ്കാജനകമാണെന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.

related stories