Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിലിട്ടറി പൊലീസിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യും

indian-army-file-pic

ന്യൂഡൽഹി ∙ കരസേനയുടെ കീഴിലുള്ള മിലിട്ടറി പൊലീസിലേക്കു വനിതകളെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചു. 800 വനിതകളെ ഉടൻ റിക്രൂട്ട് ചെയ്യും. തുടർന്ന് എല്ലാ വർഷവും 52 പേരെ വീതം എടുക്കുമെന്ന് അഡ്ജുട്ടന്റ് ജനറൽ ലഫ്റ്റനന്റ് ജനറൽ അശ്വനികുമാർ പറഞ്ഞു.

നിലവിൽ സേനയിൽ അഞ്ചു വിഭാഗങ്ങളിൽ മാത്രമേ വനിതകൾ പ്രവർത്തിക്കുന്നുള്ളൂ – മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്‌നൽസ്, എൻജിനീയറിങ്. കരസേനയിലേക്കു വനിതകളെ റിക്രൂട്ട് ചെയ്യാൻ ആലോചിക്കുന്നതായി സേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

മിലിട്ടറി പൊലീസിലൂടെ അതിനു തുടക്കം കുറിക്കുകയാണ്. നിർമല സീതാരാമൻ പ്രതിരോധമന്ത്രി പദത്തിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. മിലിട്ടറി പൊലീസിൽ വനിതകൾ വരുന്നതു സ്ത്രീകൾ ഉൾപ്പെട്ട കേസുകളിലെ അന്വേഷണത്തിനു കൂടുതൽ സഹായകരമാകുമെന്ന് അശ്വനികുമാർ പറഞ്ഞു.

മിലിട്ടറി പൊലീസാണു സൈനികരുടെ നീക്കങ്ങൾക്കു സഹായം നൽകുന്നതും യുദ്ധത്തടവുകാരുടെ കാര്യങ്ങൾ നോക്കുന്നതും കന്റോൺമെന്റുകളിൽ പട്രോളിങ് നടത്തുന്നതും. അത്യാവശ്യ സന്ദർഭങ്ങളിൽ ഇവർ സിവിലിയൻ പൊലീസിനെ സഹായിക്കാറുമുണ്ട്.