Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം വലിച്ചെറിഞ്ഞിട്ട് വന്ദേമാതരം വിളിക്കുന്നതിൽ എന്തർഥം: മോദി

Narendra Modi ചടങ്ങിൽ അണിയിച്ച ഹാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഊരിമാറ്റുന്നു

ന്യൂഡൽഹി ∙ ഇരുപത്തൊന്നാം നൂറ്റാണ്ട് ചൈനയുടേതാണോ ഇന്ത്യയുടേതാണോ എന്ന കാര്യത്തിൽ വിഭിന്ന വാദങ്ങളുണ്ടെങ്കിലും ഏഷ്യയുടേതാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125–ാം വാർഷികത്തിന്റെയും ജനസംഘ സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദിയുടെയും ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സ്വാമി വിവേകാനന്ദന്റെ വിദേശനയ ദർശനത്തിലെ ‘ഒരൊറ്റ ഏഷ്യ’ സങ്കൽപം ഇന്നേറെ പ്രസക്തമാണെന്നു മോദി പറഞ്ഞു.

സമ്മേളനവേദിയിലേക്കു കടന്നുവന്നപ്പോൾ ഉയർന്നുകേട്ട ‘വന്ദേമാതരം’ വിളികൾ ഹൃദയത്തിൽ ദേശഭക്തിയുടെ മൂല്യം നിറയ്ക്കുന്നുണ്ടെങ്കിലും നമുക്കു വന്ദേമാതരം വിളിക്കാനുള്ള അവകാശമുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഭാരതമാതാവിനു മേൽ മുറുക്കിത്തുപ്പുകയും ചപ്പുചവർ വലിച്ചെറിയുകയും ചെയ്തിട്ടു വന്ദേമാതരം വിളിക്കുന്നതിൽ അർഥമുണ്ടോ? രാജ്യത്തു വന്ദേമാതരം മുഴക്കാനുള്ള ആദ്യാവകാശം ശുചീകരണ തൊഴിലാളികൾക്കാണെന്നും മോദി പറഞ്ഞു. 

‘റോസ് ദിന’മാകാം; ഇതര സംസ്ഥാന ദിനവും വേണം

ന്യൂഡൽഹി ∙ കലാലയങ്ങളിലെ വാലന്റൈൻസ് ദിനാഘോഷത്തോടു തനിക്ക് എതിർപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ യുവാക്കൾ കൈയടികളോടെ വരവേറ്റു. വാലന്റൈൻസ് ദിനത്തെ ‘റോസ് ദിന’ മെന്നാണു മോദി പരാമർശിച്ചത്. സദസിലുള്ള പലർക്കും ‘റോസ് ദിന’ത്തോട് എതിർപ്പുണ്ടാകാമെങ്കിലും തനിക്കങ്ങനെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാലയങ്ങളിൽ ‘റോസ് ദിന’ത്തോടൊപ്പം ‘ഏക ഭാരത’ സങ്കൽപം വളർത്തുന്നതരത്തിൽ ഇതര സംസ്ഥാന ദിനങ്ങൾ ആഘോഷിക്കണമെന്നു മോദി ഉപദേശിച്ചു. പഞ്ചാബിലെ കലാലയങ്ങൾ ഒരു ദിവസം കേരളത്തിനായി മാറ്റിവയ്ക്കണം. ആ ദിവസം വിദ്യാർഥികൾ കേരളീയ വസ്ത്രങ്ങൾ ധരിക്കുകയും കേരളീയ വിഭവങ്ങൾ ആസ്വദിക്കുകയും മലയാള ചലച്ചിത്രം കാണുകയും വേണം. ഹരിയാനയിലെ കലാലയത്തിൽ ‘തമിഴ് ദിന’വും കേരളത്തിലെ കലാലയത്തിൽ ‘പഞ്ചാബ് ദിന’വുമൊക്കെ ആഘോഷിക്കുകയാണെങ്കിൽ നാനാത്വത്തിലെ ഏകത്വം തിരിച്ചറിയാൻ യുവതലമുറയ്ക്കു കഴിയുമെന്നും മോദി അഭിപ്രായപ്പെട്ടു. 

ഷിക്കാഗോ പ്രസംഗം

Vivekananda-in-chicago

1893 സെപ്‌റ്റംബർ 11ന് അമേരിക്കയിലെ ഷിക്കാഗോയിലെ കൊളംബസ് ഹാളിൽ നടന്ന ലോകമതങ്ങളുടെ സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗമാണു ‌ഷിക്കാഗോ പ്രസംഗം എന്ന പേരിൽ വിഖ്യാതമായത്. പ്രഗത്ഭരായ പ്രാസംഗികർക്കിടയിൽ കാഷായവസ്ത്രവും തലക്കെട്ടുമായി എത്തിയ മുപ്പതുകാരൻ സന്യാസി ഒറ്റപ്പെട്ടുനിന്നു. എന്നാൽ, ‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരെ’ എന്ന വിവേകാനന്ദന്റെ സംബോധന രണ്ടു മിനിറ്റ് നീണ്ട കരഘോഷത്തോടെയാണു സദസ്യർ സ്വീകരിച്ചത്. പ്രത്യേക തയാറെടുപ്പുകളോ എഴുതി തയാറാക്കിയ കുറിപ്പുകളോ ഇല്ലാതെ, സർവമത സാഹോദര്യത്തെക്കുറിച്ചും ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ സദസ് ശ്വാസമടക്കി കേട്ടിരുന്നു. സെപ്റ്റംബർ 17 വരെ നീണ്ട ആ സമ്മേളനത്തിലുടനീളം ശ്രദ്ധാകേന്ദ്രമായതു സ്വാമി വിവേകാനന്ദനായിരുന്നു. 

related stories