Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: കേന്ദ്രമന്ത്രിയുടെ ആരോപണം തള്ളി മുൻ നക്സലുകൾ

gauri-lankesh-dead.jpg

ബെംഗളൂരു ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചതിനു പിന്നിൽ നക്സലുകളാണെന്ന മട്ടിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ പരാമർശം തള്ളി മുൻ നക്സൽ നേതാക്കളായ സിരിമനെ നാഗരാജും നൂർ ശ്രീധറും. നക്സലുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്ന ഗൗരിയോട് അവർക്കു ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കി.

നക്സലുകളെ അനുനയിപ്പിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തിയിരുന്ന ഗൗരി ലങ്കേഷിനു വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നാണു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ആരോപിച്ചത്. എന്നാൽ പൊതുജനത്തെ ഉപദ്രവിക്കുന്ന വിധമല്ല നക്സലുകളുടെ പ്രത്യയശാസ്ത്രമെന്നും മാധ്യമരംഗത്തെ ഒരാളെയും കൊന്ന ചരിത്രമില്ലെന്നും സിരിമനെ നാഗരാജും നൂർ ശ്രീധറും പറഞ്ഞു. കർണാടകയിലെ പ്രവർത്തനങ്ങളിൽ സായുധ പോരാട്ടങ്ങൾ പോലും ഉൾപ്പെടുന്നില്ല. 2014ൽ ആണു ഗൗരി ലങ്കേഷിന്റെ സ്വാധീനത്തെ തുടർന്നു സിരിമനെ നാഗരാജും നൂർ ശ്രീധറും ആയുധംവച്ചു കീഴടങ്ങിയത്.

അതിനിടെ ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ആരോപിച്ച ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്ക് എതിരെ യുവമോർച്ച വക്കീൽ നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണു നോട്ടിസ്.

ആന്ധ്രാ സ്വദേശിയെ വിട്ടയച്ചു

ഗൗരി ലങ്കേഷ് വധക്കേസിൽ സംശയത്തെ തുടർന്നു കസ്റ്റഡിയിലെടുത്ത ആന്ധ്രാ സ്വദേശിയെ വിട്ടയച്ചു. മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും കുറ്റവാളികളിലേക്ക് എത്താൻ സഹായിക്കുന്ന വിവരങ്ങളൊന്നും ഇയാളിൽ നിന്നു ലഭിച്ചില്ലെന്നാണു സൂചന. കൊലയാളികളെക്കുറിച്ചു വിവരം നൽകാൻ പൊലീസ് ഏർപ്പെടുത്തിയ 9480800202 എന്ന ഹെൽപ്‌ലൈനിലേക്കും sit.glankesh@ksp.gov.in എന്ന ഇ-മെയിലിലേക്കും നൂറുകണക്കിനു പേർ ബന്ധപ്പെടുന്നുണ്ടെങ്കിലും കാര്യമായ സൂചനയൊന്നും ലഭിക്കുന്നില്ല. കേസന്വേഷണത്തിനു വേണ്ട വിദഗ്ധ നിർദേശങ്ങളാണു പലരും പങ്കുവയ്ക്കുന്നത്.  കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു ബെംഗളൂരുവിൽ വൻ റാലിയും കൺവൻഷനും നടക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മേധ പട്കർ, പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ, സാഗരിക ഘോഷ്, ടീസ്ത സെതൽവാദ്, ആനന്ദ് പട്‍വർധൻ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ പങ്കെടുക്കും.