Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ഇന്ത്യ ഗർജിച്ചു, ‘ഞാൻ ഗൗരി, ഞങ്ങളും ഗൗരി’

gauri-lankesh-protest അണയില്ല ഗൗരി: ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടു ബെംഗളൂരുവിൽ നടന്ന റാലിയിൽ പങ്കെടുത്ത വൻ ജനക്കൂട്ടം. ചിത്രം: മനോരമ

ബെംഗളൂരു ∙ ‘‘അവൾ നടത്തിയത് അസാമാന്യ പോരാട്ടം. എനിക്ക്, നിങ്ങളെല്ലാവരും എന്റെ ഗൗരിയാണ്,’’ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിര ലങ്കേഷിന്റെ വാക്കുകൾ ഉയർന്നപ്പോൾ ആയിരങ്ങൾ ഏറ്റുവിളിച്ചു, ‘നാനു ഗൗരി, നാങ്കളും ഗൗരി (ഞാൻ ഗൗരി, ഞങ്ങളും ഗൗരി)’. 

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ പിടികൂടണം എന്നാവശ്യപ്പെട്ടു രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ളവർ അണിനിരന്നപ്പോൾ ബെംഗളൂരുവിൽ ഇരമ്പിയതു പ്രതിഷേധക്കടൽ. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം, അടിച്ചമർത്തലിനോട് അമർഷം, നീതിക്കു വേണ്ടി മുറവിളി...ബെംഗളൂരുവിലേക്ക് ഒഴുകിയെത്തിയവർക്ക് ഒരേ നിറം, ഒരേ ഭാവം. 

blr-gauri-lankesh-protest

‘ഞാൻ ഗൗരി’ എന്നെഴുതിയ കറുത്ത റിബൺ കയ്യിലും തലയിലും കെട്ടിയ പ്രതിഷേധക്കാർ നിരത്തുകൾ കീഴടക്കി. അലയടിച്ചുയർന്ന മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ നിറച്ചു. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനു ശേഷമുള്ള ഗൗരി ലങ്കേഷ് പത്രികയുടെ പ്രത്യേക പതിപ്പ് സഹോദരി കവിത ലങ്കേഷ് പ്രകാശനം ചെയ്തു. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സാമൂഹിക പ്രവർത്തകരായ മേധാപട്കർ, തീസ്ത സെതൽവാദ്, സുനിത കൃഷ്ണൻ, മാധ്യമപ്രവർത്തകരായ പി.സായിനാഥ്, സാഗരിക ഘോഷ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, നാടകകൃത്തും നടനുമായ ഗിരീഷ് കർണാട്, ചലച്ചിത്രകാരൻമാരായ ആനന്ദ് പട്‌വർധൻ, രാകേഷ് ശർമ, വിദ്യാർഥി നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങി ഒട്ടേറെപ്പേർ മുൻനിരയിൽ അണിനിരന്നു. 

BLR-PROTEST

ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. ഫോറം എഗെൻസ്റ്റ് ദി അസാസിനേഷൻ ഓഫ് ഗൗരി ലങ്കേഷ്’ ആണു റാലിയും കൺ‌വൻഷനും സംഘടിപ്പിച്ചത്.