Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻ പക്ഷത്തിന്റെ ഹർജി തള്ളി; കോടതിയുടെ സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴ

T.T.V. Dinakaran ദിനകരൻ

ചെന്നൈ∙ രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇന്നത്തെ അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾ തടയണമെന്ന ദിനകരൻ പക്ഷത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. പി.വെട്രിവേൽ എംഎൽയുടെ ഹർജി രാവിലെ തന്നെ സിംഗിൾ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹർജി ഡിവിഷൻ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേൾക്കലിനൊടുവിൽ സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പാർട്ടിക്കാര്യങ്ങളിൽ കോടതിയെ സമീപിക്കും മുൻപു പാലിക്കേണ്ട നടപടിക്രമങ്ങൾ ശ്രദ്ധിക്കാത്തതിനു വെട്രിവേലിനെ സിംഗിൾ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതിനിടെ, ദിനകരൻ പക്ഷക്കാരനായ അണ്ണാ ഡിഎംകെ കർണാടക അധ്യക്ഷൻ വാ പുകഴേന്തി ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചു ബെംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി യോഗം തടയാൻ വിസമ്മതിച്ചതോടെ ഈ ഉത്തരവ് അസാധുവായി.