Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ, ഡീസൽ കൊള്ളവില: 20 മുതൽ കോൺഗ്രസ് പ്രക്ഷോഭം

petrol

ന്യൂഡൽഹി ∙ പെട്രോളിനും ഡീസലിനും അമിത നികുതി വാങ്ങി വില കൂട്ടുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്. 20നു ഡൽഹിയിൽ തുടങ്ങുന്ന സമരം ജനവിരുദ്ധ നികുതിനയം പിൻവലിക്കും വരെ തുടരുമെന്നു പാർട്ടി വക്താവ് അജയ് മാക്കൻ അറിയിച്ചു.

50% നികുതി 100 രൂപയുടെ പെട്രോളിൽ 51.78 രൂപയും നികുതിയാണെന്നു മാക്കൻ പറ‍ഞ്ഞു. 100 രൂപയുടെ ഡീസലിൽ നികുതി 44.40 രൂപ. ഇന്ധനത്തിനു മേലുള്ള നികുതിയെക്കുറിച്ചും സർക്കാരിനുണ്ടാകുന്ന ലാഭത്തെക്കുറിച്ചും ധവളപത്രം പുറപ്പെടുവിക്കണം. ക്രൂഡ് വില കുറയുമ്പോൾ ഇവിടെ വില കൂടുന്നു ക്രൂഡോയിൽ വില കുറയുമ്പോൾ പെട്രോളിനും ഡീസലിനും വില കൂടുന്നുവെന്ന അദ്ഭുതമാണു രാജ്യത്തു സംഭവിക്കുന്നത്. ലാഭത്തിനു വേണ്ടി ജനങ്ങളെ പിഴിയുന്നവർ വിലക്കയറ്റത്തെ ന്യായീകരിക്കാൻ യുഎസിൽ വീശിയ കൊടുങ്കാറ്റുകളെ കൂട്ടുപിടിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 11 തവണ എക്സൈസ് നികുതി വർധിപ്പിച്ച സർക്കാർ ജനങ്ങളുടെ കീശ കാലിയാക്കി. വർധന 400% മൂന്നു വർഷത്തിനിടെ ഡീസലിന്റെ എക്സൈസ് നികുതി 400 ശതമാനത്തിലേറെയാണു വർധിച്ചത്. പെട്രോളിന്റേതു 133 ശതമാനവും. എന്നാൽ, മോദി ‌സർക്കാർ അധികാരമേറ്റശേഷം ക്രൂഡോയിലിന്റെ രാജ്യാന്തര വില 52% കുറഞ്ഞു. ഈ കാലത്തു പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിച്ച വരുമാനം 5.24 ലക്ഷം കോടി രൂപ.

പരാജിത സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും നികുതിയും വർധിക്കുന്നു. നികുതി കുത്തനെ കൂട്ടിയിട്ടും സമ്പദ്‌വ്യവസ്ഥ നിലം പൊത്തിക്കൊണ്ടിരിക്കുന്നു. ഇതിനർഥം സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് – അജയ് മാക്കൻ പറഞ്ഞു.

കണ്ണടയും കാർട്ടൂണുമായി യൂത്ത് കോൺഗ്രസ്

ന്യൂഡൽഹി ∙ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ‘മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തെ’ന്നു യൂത്ത് കോൺഗ്രസ് മനസ്സിലാക്കിയെങ്കിലും ഡൽഹി പൊലീസിനു കാര്യം മനസ്സിലായില്ല. മന്ത്രിയുടെ കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനു പ്രതീകാത്മക കണ്ണടയുമായെത്തിയ പ്രവർത്തകരെ പൊലീസ് ലക്ഷ്യത്തിലെത്തും മുൻപു തടഞ്ഞു.

സാധാരണക്കാരന്റെ ദുരിതം പെട്രോളിയം മന്ത്രി കാണാത്തതു കൊണ്ടാണു കണ്ണട സമരത്തിനു മുതിർന്നതെന്നു സമരത്തിനു നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ ജെബി മേത്തർ, പ്രതിഭ രഘുവംശി, ഷെരിഫ റഹ്മാൻ, അമരിഷ് രഞ്ജൻ പാണ്ഡെ എന്നിവർ പറഞ്ഞു. പ്രധാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ‘പെട്രോൾ കാർട്ടൂണും’ വനിതാ നേതാക്കൾ കൂടെക്കരുതിയിരുന്നു.